തലശേരി: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ സ്റ്റീൽ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു.
പശ്ചിമ ബംഗാൾ സ്വദേശി സുബ്രതോ മണ്ഡൽ ( 30 ) കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ സൗത്ത് പർഘാനയിലെ രത്തൻ മണ്ഡലിനെയാണ് (49)തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ സംഖ്യ കൊല്ലപ്പെട്ട സുബ്രതോ മണ്ഡലിന്റെ ആശ്രിതർക്ക് നൽകണം.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. തളിപ്പറമ്പ് തൃച്ചംബരം ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം പണി നടന്നുവന്ന റസിഡൻഷ്യൽ ഫ്ളാറ്റിൽ കോൺക്രീറ്റ് സെൻട്രിംഗ് ജോലിക്കായി വന്നതായിരുന്നു ഇരുവരും. 2012 ഡിസംബർ മൂന്നിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
കലഹസ്വഭാവമുള്ള രത്തന്‍ കരാറുകാരൻ ജോലി നിഷേധിച്ചിരുന്നു. ഇതിന് പിന്നിൽ സുബ്രതോ മണ്ഡലാണെന്ന ധാരണയിലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. നിർമാണ കരാറുകാരനായ ടി.വി.പ്രഭാരെന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
നേരത്തെ ചുടലയിലെ കെട്ടിട നിർമാണ സ്ഥലത്ത് വച്ച് ഇരുവരും തർക്കമുണ്ടായിരുന്നു. അന്നത്തെ തളിപ്പറമ്പ് സിഐ എ.വി. ജോണാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.