ചാവക്കാട്: യുവതിയെ കൊണ്ട് വിളിച്ചു വരുത്തി യുവാവിനെ മാരകമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു പ്രതികൾക്ക് ഇരുപത്തിയൊന്നര വർഷം തടവ്.
തളിക്കുളം ത്രിവേണി പുത്തൻപുരയിൽ നിഹാർ(46), സഹോദരൻ നിസാമുദീൻ(42), തളിക്കുളം തന്പാൻകടവ് പോക്കാക്കില്ലത്ത് ഫൈസൽ(27), വാടാനപ്പള്ളി പണക്കവീട്ടിൽ ജുനൈദ്(32), തളിക്കുളം എടശേരി യൂനസ്(36) എന്നിവരെയാണ് ചാവക്കാട് സബ് കോടതി ജഡ്ജി ടി.ഡി.സൈജു ശിക്ഷിച്ചത്.
കേസിലെ ആറും ഏഴും പ്രതികളായ തന്പാൻകടവ് പുത്തൻപുരയിൽ അബ്ദു റഹിം(24), തന്പാൻകടവ് പുത്തൻപുരയിൽ അബ്ദുൾ റഷീദ്(22) എന്നിവർക്ക് ഒന്‍പതര വർഷത്തെ ശിക്ഷ വിധിച്ചു.
ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾക്കാണ് ശിക്ഷ കൂടുതൽ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. വാടാനപ്പള്ളി പുതിയേടത്ത് പ്രജോഷി(27)നെ വധിക്കാൻ ശ്രമിച്ച കേസിലാണ് അസാധാരണ വിധി.
2015 ഫെബ്രുവരി 11ന് പുലർച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം. ഒന്നും രണ്ടും പ്രതികളുടെ സഹോദരനായ ഗഫൂറിന്റെ വീട്ടിൽ വച്ചാണ് ആക്രമണം. പ്രജോഷിനെ വീടിനകത്തിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
മർദനത്തെ തുടർന്ന് മരിച്ചുവെന്ന് കരുതി പ്രജോഷിനെ റോഡിൽ തള്ളി. വാടാനപ്പള്ളി പോലീസ് അന്വേഷിച്ചാണ് പ്രതികളെ പിടികൂടിയത്. സിഐമാരായ സജിൻ ശശി, രതീഷ് കുമാർ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.