പറവൂർ: അമ്പത് പൈസ ചില്ലറ നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് 17 വർഷത്തിനു ശേഷം ജീവപര്യന്തം തടവ്.
ചേന്ദമംഗലം കവലയിൽ മിയാമി എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്ന സന്തോഷിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വെടിമറ കെ.എ. അനൂബിനാണ്(39)എറണാകുളം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും 51,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ഏഴു മാസം അധിക തടവു ശിക്ഷ അനുഭവിക്കണം. വിചാരണക്കോടതി ജഡ്ജി സി. പ്രദീപ്കുമാറാണ് ശിക്ഷ വിധിച്ചത്. 2006 ജനുവരി 17നു രാവിലെയാണു കുറ്റകൃത്യം നടന്നത്.
കേസിൽ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ സബീർ, ഷിനോജ് എന്നിവരെ വിചാരണക്കോടതി നേരത്തെ ഏഴു വർഷം തടവിനു ശിക്ഷിച്ചിരുന്നു.
രാവിലെ ചായ കുടിക്കാനെത്തിയ പ്രതികളിലെരാൾ പൈസ നൽകിയപ്പോൾ ചില്ലറ സംബന്ധിച്ച് തർക്കമുണ്ടാകുകയും പിന്നീട് കൂട്ടുപ്രതികളുമായെത്തി സന്തോഷിനെ പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.