കോഴിക്കോട്: സിഗരറ്റ് ജയിലിനുള്ളിലേക്ക് കൊണ്ടുപോവാന്‍ വിസമ്മതിച്ച പോലീസുകാര്‍ക്കെതിരേ റിമാന്‍ഡ് പ്രതിയുടെ ഭീഷണി. ജില്ലാ ജയിലില്‍ കഴിയുന്ന കല്ലായിലെ പള്ളിക്കണ്ടി കോയത്തൊടിയില് ഇന്സുദ്ദീനാണ് സിറ്റി എആര്‍ ക്യാമ്പിലെ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.
സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഇന്സുദ്ദീനെതിരേ ടൗണ്‍ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെ കോഴിക്കോട് സിജെഎം കോടതിയിലാണ് സംഭവം.
കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ഇന്‍സുദ്ദീനെ എആര്‍ ക്യാമ്പിലെ പോലീസുകാരാണ് കോടതിയില്‍ എത്തിച്ചത്. കോടതി കേസ് പരിഗണിച്ച ശേഷം തിരികെ ജയിലിലേക്ക് പോകാനിരിക്കെയാണ് ഇന്സുദ്ദീന് സിഗരറ്റ് ആവശ്യപ്പെട്ടത്.
കോടതി കോമ്പൗണ്ടിനുള്ളില്‍ സിഗരറ്റ് നല്‍കാനാവില്ലെന്ന് പോലീസുകാര്‍ അറിയിച്ചു. അതേസമയം ജയിലിലേക്ക് കൊണ്ടുപോവാനായുള്ള സിഗരറ്റ് കൂടി വാങ്ങി നല്‍കണമെന്ന് ഇന്സുദ്ദീന് ആവശ്യപ്പെടുകയായിരുന്നു.
സാധാരണയായി ജയിലിനുള്ളിലേക്ക് പ്രതികളെ കയറ്റുന്നതിന് മുമ്പ് ദേഹപരിശോധന നടത്തും. ഇതിനാല്‍ സിഗരറ്റ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് (പെട്ടിയടിച്ച്) കൊണ്ടുപോവണമെന്ന് ഇന്സുദ്ദീന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതിന് പോലീസുകാര്‍ വഴങ്ങാതെ വന്നതോടെ ഇന്സുദ്ദീന് ഭീഷണിമുഴക്കുകയായിരുന്നു.
കോടതി കോമ്പൗണ്ടിനുള്ളില്‍ വച്ച് പോലീസുകാരെ അസഭ്യവും പറയാന്‍ തുടങ്ങിയതോടെ പോലീസുകാര്‍ കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ടൗണ്‍പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇന്സുദ്ദീന് കീഴടങ്ങാന്‍ തയാറായില്ല.
ടൗണ്പോലീസിനേയും ഇയാള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. എസ്ഐ കെ.ടി.ബിജിത്തിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇന്‍സുദ്ദീനെ പോലീസ് വാഹനത്തില്‍ കയറ്റിയത്. പിന്നീട് പ്രതിയെ ജയിലില്‍ എത്തിക്കുയായിരുന്നു.