കൊച്ചി: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ ബീവറേജസ് കോർപ്പറേഷൻ വഴി മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മൂന്ന് ആഴ്ചത്തേക്കാണു സ്റ്റേ. സർക്കാരിന് സത്യവാങ്മൂലം സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഡോക്ടർമാരുടെ കുറിപ്പടിയോടെ മദ്യം നൽകാമെന്ന ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ മാനസികാരോഗ്യ വിഭാഗം ചെയർമാൻ ഡോ. എൻ. ദിനേശ് നൽകിയ ഹർജിയാണ് വീഡിയോ കോണ്ഫറൻസിംഗിലൂടെ ഹൈക്കോടതി പരിഗണിച്ചത്. സർക്കാർ ഉത്തരവിനെതിരേ ടി.എൻ. പ്രതാപൻ എംപി ഹർജിയും നൽകിയിരുന്നു.
മദ്യം കിട്ടാതെ വരുന്പോൾ രോഗലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടെന്നും ഇവരെ ഈ സമയത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാനാവില്ലെന്നും അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
എന്നാൽ സർക്കാരിന്റെ ഉത്തരവിന് എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തർക്ക് മദ്യം നൽകുന്നുവെന്നതിനപ്പുറം എന്ത് കാര്യമാണ് ഇതിലുള്ളതെന്നും കോടതി ആരാഞ്ഞു. മദ്യം പൂർണമായും നിരോധിച്ച സംസ്ഥാങ്ങളിൽ പോലും ഡോക്ടർമാരുടെ കുറിപ്പടിയോടെ മദ്യം നൽകുന്നുണ്ടൈന്നും അതുമാത്രമാണ് ഇവിടെ ഉദ്ദേശിച്ചതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു.
മാത്രമല്ല, കുറിപ്പടി എഴുതാൻ ഡോക്ടർമാരെ നിർബന്ധിക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു. മദ്യക്കുറിപ്പടി എഴുതാൻ ഒരു ഡോക്ടറും തയാറല്ലെന്ന് പറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവ് കൊണ്ട് എന്തുകാര്യമെന്ന് ഹൈക്കോടതിയും ചോദിച്ചു.
വിധി അംഗീകരിക്കുന്നു: എക്സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്കു ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സാമൂഹികപ്രശ്നം നേരിടാനാണു ശ്രമിച്ചത്. മറ്റ് നിയമനടപടികൾ പിന്നീടെന്നും അദ്ദേഹം പറഞ്ഞു.