കടയ്ക്കൽ : കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് കോടതി കഠിന തടവും പിഴയും ശിക്ഷിച്ചു. കടയ്ക്കൽ ആയിരികുഴി സ്വദേശി വിജയകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ബിജോയി ,സഹോദരൻ ബിനോയി എന്നിവരെ കൊല്ലം സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊലപാതക ശ്രമം അടക്കം വിവിധ വകുപ്പുകളിലായി ഏഴര വര്‍ഷം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2014 ഫെബ്രുവരിയിലാണ് സംഭവം. വിജയകുമാര്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരവേ കാറിലെത്തിയ സംഘം ഐരക്കുഴി ജംഗ്ഷന് സമീപം വച്ച് തടഞ്ഞുനിര്‍ത്തി വടിവാളും വെട്ടുകത്തിയും ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട വിജയകുമാര്‍ അടുത്തുള്ള വീട്ടിലേക്ക് ഓടി കയറി എങ്കിലും പിന്തുടര്‍ന്ന പ്രതികള്‍ വീടിനുള്ളില്‍ വച്ചും വെട്ടി. എന്നാല്‍ ഇവിടെ നിന്നും ഓടിയ വിജയകുമാര്‍ വീടിന്റെ മറ്റൊരുമുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.
വാതില്‍ പൊളിക്കാനുള്ള ശ്രമം വിഫലമയതാണ് വിജയകുമാറിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് കഴിയാതിരുന്നത്.
കേസിന്റെ വിചാരണ വേളയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിഭാഗത്തിനോപ്പം ചേര്‍ന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രോസിക്യൂട്ടറെ മാറ്റുകയും മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് വാദിക്കുകയുമായിരുന്നു.
അഞ്ച് പ്രതികളായിരുന്നു കേസില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും രണ്ടുപേരെ കേസ് അന്വേഷിച്ച പോലീസും, ഒരാളെ കോടതിയും കുറ്റക്കാരല്ലെ്ലന്ന് കണ്ട് വിട്ടയച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ പ്രതികൾ കുറ്റവാളികളാണെന്ന് കണ്ടെത്തുകയും ഉച്ചയോടുകൂടി വിധി പ്രസ്താവിക്കുകയുമായിരുന്നു.