ന്യൂഡൽഹി: ഇന്ത്യ നിർമിച്ച തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിൻ 18 സംസ്ഥാനങ്ങൾക്ക് നേരിട്ടു നൽകുന്നതായി ഭാരത് ബയോടെക്.
കേന്ദ്ര നയം അനുസരിച്ചാണ് വാക്സിൻ വിതരണമെന്നും കൂടുതൽ സംസ്ഥാനങ്ങൾക്ക് ലഭ്യതയനുസരിച്ച് വാക്സിൻ നൽകുമെന്നും നിർമാതാക്കളായ ഭാരത് ബയോടെക് പറയുന്നു. വാക്സിൻ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളത്തിന് ഇടംലഭിച്ചിട്ടില്ല.
ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വാക്സിൻ ലഭ്യമാക്കാൻ വിവിധ സംസ്ഥാനങ്ങൾ ആഗോള ടെണ്ടർ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഡൽഹി, മഹാരാഷ്ട്ര, കർണാടകം, യുപി, ബംഗാൾ, രാജസ്ഥാൻ, ഒഡീഷ, തെലങ്കാന എന്നിവയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടെണ്ടർ വിളിക്കാനുള്ള തീരുമാനം അറിയിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
സംസ്ഥാനങ്ങൾ വിദേശത്തുനിന്ന് നേരിട്ടു വാക്സിൻ വാങ്ങാനാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ പ്രസക്തിയെന്താണെന്ന് സിസോദിയ വിമർശിച്ചു.
കോവാക്സിൻ രാജ്യത്ത് കുട്ടികളിലെ ട്രയൽ നടപടികളിലേക്കു കടന്നെങ്കിലും കൂടുതൽ പ്രചാരത്തിലുള്ള കോവിഷീൽഡ് ഈ ഘട്ടത്തിൽ എത്തിയിട്ടില്ല.