തൊടുപുഴ: ജില്ലയിൽ വാക്സിൻ നടപടികൾ പുരോഗമിക്കുന്പോഴും കോവാക്സിൻ ആദ്യ ഡോസ് എടുത്തവർ ആശങ്കയിൽ.
ജില്ലയിൽ കോവാക്്സിന് ക്ഷാമം നേരിടുന്ന ഘട്ടത്തിൽ രണ്ടാംഘട്ടം വാക്സിൻ എന്നു ലഭിക്കുമെന്ന കാര്യത്തിലാണ് ആശങ്ക ഉയർന്നിരിക്കുന്നത്.
ആദ്യ ഡോസ് വാക്സിൻ എടുത്ത് 42 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കണം. എന്നാൽ വാക്സിൻ സ്റ്റോക്കില്ലായെന്ന വിവരമാണ് പുറത്തുവരുന്നത്.
ഇതോടെയാണ് പലരും ആശങ്കയിലായത്. കോവി ഷീൽഡ് വാക്സിൻ എടുത്തവർ 12 ആഴ്ചകൾക്കുശേഷം രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചാൽ മതിയാകും.
ജില്ലയിൽ കോവാക്സിൻ എടുത്ത 20000 പേർ രണ്ടാംഘട്ടം ഡോസ് വാക്സിൻ എടുക്കാൻ കാത്തിരിക്കുകയാണ്. കൂടുതൽപേർക്കും ഈ ആഴ്ചയും അടുത്ത ആഴ്ചയുമായി വാക്സിൻ എടുക്കണം.
എന്നാൽ നിലവിൽ ഇവർക്ക് കുത്തിവയ്പ് നൽകാനുള്ള കോവാക്സിൻ ജില്ലയിൽ സ്റ്റോക്കില്ല. അടുത്തയാഴ്ചയോടെ 2500 ഡോസ് കോവാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ളവർക്ക് എന്നു നൽകാനാവുമെന്ന കാര്യത്തിൽ അവ്യക്തത പിന്നെയും തുടരും.
ഇപ്പോൾ 18-നും 45-നും ഇടയിൽ പ്രായമുള്ളവരിൽ കോവിഡ് മുന്നണിപ്പോരാളികൾക്കും മറ്റു രോഗമുള്ളവർക്കും കോവാക്സിൻ ഡോസ് നൽകുന്നുണ്ട്.
സംസ്ഥാന സർക്കാർ വിലകൊടുത്തു വാങ്ങിയ വാക്സിനാണ് മുന്നണിപോരാളികൾക്ക് നൽകിവരുന്നുണ്ട്.
ഇതിനുപുറമെ കോവിഷീൽഡും ഇവർക്ക് നൽകുന്നുണ്ട്. എന്നാൽ 45-നു മുകളിലെ വിഭാഗത്തിൽപെട്ട കോവാക്സിൻ ഒന്നാം ഡോസ് എടുത്തവരാണ് രണ്ടാം ഘട്ടത്തിനായി കാത്തിരിക്കുന്നത്.