സെബി മാത്യു
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ 13ന് ഉള്ളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു.
രണ്ടു വാക്സിനുകൾക്ക് നിയന്ത്രിത അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന്റെയും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ വാക്സിൻ ഡ്രൈ റണ് ഫലപ്രദമാണെന്നു കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിലാണ് നടപടി. വാക്സിൻ വിതരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി.
അതിനിടെ, കോവിഡ് വാക്സിനുകൾക്ക് അനുമതി നൽകിയ നടപടിക്രമങ്ങൾ പാർലമെന്ററി സമിതി വിലയിരുത്തും. ആരോഗ്യം-കുടുംബക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി കോവിഡ് വാക്സിന്റെ വിതരണം, കുത്തിവയ്പ് എന്നീ സജ്ജീകരണങ്ങൾ പരിശോധിച്ചു വിലയിരുത്തും.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനുമാണ് ഞായറാഴ്ച അടിയന്തര ഉപയോഗത്തിനുള്ള (എമർജൻസി യൂസ് ഓഥറൈസേഷൻ – ഇയുഎ) ലഭിച്ചത്. ഈ അനുമതി ലഭിച്ച് പത്തു ദിവസത്തിനുള്ളിൽ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയത്.
അംഗീകാരം ലഭിച്ച വാക്സിനുകൾ സർക്കാരിന്റെ മുംബൈ, ചെന്നൈ, കോൽക്കത്ത, ഹരിയാനയിലെ കർണാൽ എന്നിവിടങ്ങളിലുള്ള മെഡിക്കൽ സ്റ്റോറുകളിൽ വ്യോമമാർഗം എത്തിക്കും.
അതിനുശേഷം വിവിധ സംസ്ഥാനങ്ങളിലെ വാക്സിൻ സ്റ്റോറുകളിലേക്കും അവിടെനിന്ന് ജില്ലാ കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്യും.
ജില്ലാ കേന്ദ്രങ്ങളിൽനിന്നാണ് വാക്സിൻ അംഗീകൃത പ്രാഥമിക വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്നും ആരോഗ്യ സെക്രട്ടറി വിശദീകരിച്ചു.
കോവിഷീൽഡ്, കോവാക്സിൻ എന്നിവ ശേഖരിച്ച് സംരക്ഷിതമായി സൂക്ഷിക്കാൻ രാജ്യത്ത് 29,000 ശീതീകരണ ശൃംഖലകൾ ഉണ്ടെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.
വാക്സിൻ വിതരണത്തിനായി സർക്കാർ രൂപീകരിച്ച് കോവിൻ ആപ്ലിക്കേഷനിലെ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് കോവിഡ് വാക്സിൻ വിതരണം സാധ്യമാക്കുന്നത്.
കോവിൻ ആപ്പിൽ സ്വന്തമായി രജിസ്റ്റർ ചെയ്യാം. ആധാർ അഥവാ സർക്കാർ നൽകിയിട്ടുള്ള മറ്റേതെങ്കിലും രേഖ തിരിച്ചറിയലിനായി അപ്ലോഡ് ചെയ്യാം.
ബയോമെട്രിക്, ഒടിപി തുടങ്ങിയ രീതികളിൽ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തും. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ വാക്സിനേഷനുള്ള ദിവസവും സമയവും ലഭിക്കും. ജില്ലാ അധികാരികളാണ് രജിസ്ട്രേഷൻ അംഗീകരിക്കുന്നത്.
വാക്സിനേഷനുശേഷം ക്യുആർ കോഡ് ഉള്ള സർട്ടിഫിക്കറ്റ് ആപ്പിലൂടെ ലഭിക്കും. 12 ഭാഷകളിൽ എസ്എംഎസിലൂടെ കോവിൻ ആപ്പിൽ നിന്നു നിർദേശങ്ങൾ ലഭിക്കും.
കോവിൻ ആപ്പിന്റെ സോഫ്റ്റ് വെയർ ഉപയോഗത്തിനായി 700 ജില്ലകളിലായി ഇതിനോടകം 90,000 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
സ് കൂളുകളും കമ്യൂണിറ്റിഹാളുകളും വാക്സിൻ വിതരണത്തിന് ഉപയോഗിക്കും. എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ വാക്സിനേഷനായി മൊബൈൽ സേവനങ്ങളും ലഭ്യമാക്കും.
കോവിൻ ആപ്പ്
ഈ ആപ്പിൽ അഞ്ച് ഭാഗങ്ങളുണ്ട്. അഡ്മിനിസ്ട്രേഷൻ മൊഡ്യൂൾ, രജിസ്ട്രേഷൻ മൊഡ്യൂൾ, വാക്സിനേഷൻ മൊഡ്യൂൾ, ബെനിഫിഷറി അക്നോളഡ്ജ്മെന്റ് മൊഡ്യൂൾ, റിപ്പോർട്ട് മൊഡ്യൂൾ എന്നിവ.
അഡ്മിനിസ്ട്രേഷൻ ഭാഗം വാക്സിനേഷൻ നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു വേണ്ടിയുള്ളതാണ്. രജിസ്ട്രേഷൻ ഭാഗത്തിലാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത്.
തദ്ദേശ ഭരണാധികാരികൾ നൽകുന്ന വിവരങ്ങളും മറ്റ് രോഗവിവരങ്ങളും ഈ ഭാഗത്ത് ഉൾപ്പെടുത്തും.
വാക്സിനേഷൻ മൊഡ്യൂളിൽ വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ഉറപ്പുവരുത്തുകയും അപ്ഡേറ്റുകൾ നൽകുകയും ചെയ്യും. ബെനിഫിഷറി അക്നോളഡ്ജ്മെന്റ് ഭാഗത്താണ് എസ്എംഎസ് സേവനങ്ങൾ.
വാക്സിൻ സ്വീകരിച്ചശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റിനുള്ള ക്യുആർ കോഡും ഇവിടെ നിന്നാണ് ലഭിക്കുന്നത്. റിപ്പോർട്ട് മൊഡ്യൂളിൽ എത്ര വാക്സിനേഷൻ സെഷൻ എടുത്തു, എത്ര ആളുകൾ വാക്സിൻ സ്വീകരിച്ചു തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുന്നത്.