ചെറുതോണി: കോവിഡ് പോസിറ്റീവായതിനെതുടർന്ന് ആശുപത്രികളിലേക്ക് മാറ്റുന്ന രോഗികളുടെ മക്കളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.
രോഗബാധിതരാകുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരുന്ന സാഹചര്യത്തിൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്കയേറുകയാണ്. കൊച്ചുകുട്ടികളെമാത്രം വീടുകളിലാക്കി ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന രക്ഷകർത്താക്കൾ കടുത്ത മാനസികസംഘർഷത്തിലാണ്.
കോവിഡ് രോഗം ബാധിച്ചവരുടെ കുടുംബത്തിലെത്തി കുട്ടികളെ സംരക്ഷിക്കാനോ അവരെ ഏറ്റെടുക്കാനോ ബന്ധുക്കൾപോലും ഭയപ്പെടുകയാണ്.
രോഗബാധിതർക്കൊപ്പം കഴിഞ്ഞ കുട്ടികളുടെയും പ്രായമായവരുടെയും സംരക്ഷണമേറ്റെടുത്താൽ ഒരുപക്ഷെ തങ്ങൾക്കും രോഗം പിടിപെടാമെന്ന ഭയമാണ് ആളുകളെ ഇതിൽനിന്നും പിൻതിരിപ്പിക്കുന്നത്.
രോഗബാധിതരുടെ വീടുകളിലെ വളർത്തു മൃഗങ്ങളുടെ സംരക്ഷണവും പ്രതിസന്ധിയായിട്ടുണ്ട്. അയൽവാസികൾപോലും ഈ വീട്ടുകാരെയും അവിടുത്തെ വളർത്തുമൃഗങ്ങളെയും അവഗണിക്കുകയാണെന്ന് പരാതിയുണ്ട്.
ആവശ്യമായ മുൻകരുതലോടെ വളർത്തുമൃഗങ്ങൾക്ക് തീറ്റനൽകുന്നതിലൂടെ രോഗം പകരില്ലെന്ന് ജനങ്ങളെ ബോധവത്കരിക്കാനും ആരോഗ്യ പ്രവർത്തകർ തയാറാകണം.
കോവിഡ് വ്യാപകമാവുന്നതിനുമുന്പ് എവിടെയങ്കിലും രോഗം കണ്ടെത്തിയാൽ ആ പ്രദേശം മുഴുവൻ അണുവിമുക്തമാക്കിയിരുന്നു. ഇപ്പോൾ അത്തരം നടപടികളൊന്നും പഞ്ചായത്തോ, ആരോഗ്യ പ്രവർത്തകരോ, ഫയർഫോഴ്സോ നടത്തുന്നില്ല.
കോവിഡ് ബാധിതമേഖല അണുവിമുക്തമാക്കിയാൽ അയൽവാസികൾ രോഗബാധിതരുടെ മൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്തേക്കും.
എന്നാൽ കുട്ടികളുടെ സംരക്ഷണമേറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്നതാണ് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നത്. പഞ്ചായത്ത് തലത്തിൽ കുട്ടികളെ സംരക്ഷിക്കാൻ സംവിധാനമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.