കൊല്ലം: കുണ്ടറയിൽ മുഖംമൂടിധരിച്ചെത്തിയ സംഘം കുടുംബാംഗങ്ങളെ കെട്ടിയിട്ട് വീട് കൊളളയടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുണ്ടറ സിഐ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള സംഘമല്ല സംഭവത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
19 പവന് സ്വര്‍ണ്ണവും രണ്ട്ലക്ഷത്തോളം രൂപയുമാണ് കവർന്നത്. മാമൂട് മുണ്ടന്‍ചിറ മാടന്കാവിനുസമീപം ചരുവിള പുത്തന്‍വീട്ടിലാണ് കൊള്ളസംഘം ആക്രമണം നടത്തിയത്.
ഗൃഹനാഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടിധരിച്ച് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചുപേര്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം സ്വര്‍ണവും പണവും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി 9.30-ഓടെയാണ് കൊള്ളസംഘം ആക്രമണംനടത്തിയത്. സഹോദരങ്ങളായ എസ്.അമ്പിളി, ജയചന്ദ്രന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കിയ ശേഷം…
ജയചന്ദ്രന് പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇരുവരും സ്വകാര്യ ചിട്ടി നടത്തി വരുകയായിരുന്നു.
ചിട്ടിയുടെ പിരിവുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ജയചന്ദ്രനുപിന്നാലെയാണ് മുഖംമൂടിസംഘം വീട്ടിനുള്ളില്‍ പ്രവേശിച്ചത്.
ജയചന്ദ്രനെ മര്‍ദ്ദിച്ചശേഷം കെട്ടിയിട്ടു. ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കിയിട്ട് സ്റ്റിക്കറുപയോഗിച്ച് ഇരുവരുടെയും വായ്മൂടി. വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള നാലുലക്ഷം രൂപ വേണമെന്നതായിരുന്നു സംഘത്തിന്റെ ആവശ്യം.
ഗ്യാസ് വാങ്ങാനായി സൂക്ഷിച്ചിരുന്ന 900 രൂപയടക്കം വീട്ടില്‍ സൂക്ഷിച്ചിരുന്ന 186000 രൂപ അമ്പിളി സംഘത്തിന് നല്കി.
പിന്നീട് വീട്ടിലുണ്ടായിരുന്ന അലമാരകള്മുഴുവന് കുത്തിത്തുറന്ന് സ്വര്‍ണവും കൈക്കലാക്കി. ഏഴുപവന്റെയും രണ്ടര പവന്റെയും മാലകള്‍, ഒരുപവന്വീതമുള്ള ഏഴുവളകള്‍, കമ്മല്‍ എന്നിവയാണ് കൈക്കലാക്കിയത്.
പിന്നീട് അമ്പിളിയെയും കെട്ടിയിട്ട് ലൈറ്റുകളണച്ച് വീടുപൂട്ടി താക്കോല്‍ പുറത്ത് ഉപേക്ഷിച്ചു മോഷണസംഘം മടങ്ങുകയായിരുന്നു പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മുഖംമൂടിധാരികളായ അഞ്ചുപേരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പ്രതികൾ സംസ്ഥാനത്തിന് പുറത്ത് പോയിട്ടില്ലെന്നാണ് വിവരം. ഇവർ ഉടൻ പിടികൂടാനാകുമെന്നവിശ്വാസത്തിലാണ് പോലീസ് സംഘം