ന്യൂഡൽഹി: രാജ്യത്തു കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 21,000 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ.
കോവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സിനുകൾ സ്വീകരിച്ചവരാണിവർ. രണ്ടാം ഡോസ് സ്വീകരിച്ച 5709 പേർക്കാണു കോവിഡ് ബാധിച്ചതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
കൊവാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരിൽ 695(0.04 ശതമാനം) പേർക്കും കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 1,57,32,754 പേരിൽ 5014(0.03 ശതമാനം) പേർക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്.
കോവിഷീൽഡിന്റെ 11.6 കോടി ഡോസാണ് ഇതുവരെ നല്കിയത്. ഇതിൽ പത്തു കോടി പേർ ആദ്യ ഡോസ് സ്വീകരിച്ചു.
ഇവരിൽ 17,145(പതിനായിരം പേരിൽ രണ്ടു പേർ) പേർക്കാണ് കോവിഡ് ബാധിച്ചത്. കൊവാക്സിന്റെ 1.1 കോടി ഡോസാണു രാജ്യത്തു വിതരണം ചെയ്തത്.
ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസ് സ്വീകരിച്ചു. ഇവരിൽ 4208(പതിനായിരം പേരിൽ നാലു പേർ) പേർക്കു കോവിഡ് സ്ഥിരീകരിച്ചു.
വാക്സിനേഷനുശേഷം ഒരാൾക്കു രോഗം സ്ഥിരീകരിച്ചാൽ ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ എന്നാണ് അറിയപ്പെടുന്നതെന്ന് ബൽറാം ഭാർഗവ പറഞ്ഞു.