താനൂർ: പരിശോധനാ ഫലം രണ്ടു മാസം വൈകി കിട്ടിയപ്പോൾ വീട്ടമ്മയ്ക്ക് കോവിഡ് പോസിറ്റീവായത് വിവാദത്തിൽ. പൊൻമുണ്ടം പഞ്ചായത്തിലാണ് സംഭവം.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീനയ്ക്കും പൊൻമുണ്ടം പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ സക്കീർ പൊൻമുണ്ടം പരാതി നൽകി.
സർക്കാർ സംവിധാനത്തിലുണ്ടായ വീഴ്ച വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത് .
ഏപ്രിൽ 12നാണ് വീട്ടമ്മയ്്ക്ക് കോവിഡ് പരിശോധന നടത്തിയത്. എന്നാൽ പരിശോധന ഫലം രണ്ടു മാസത്തോളം വൈകി കിട്ടിയപ്പോൾ ഫലം പോസിറ്റീവാകുകയായിരുന്നു.
പൊൻമുണ്ടം പഞ്ചായത്തിലെ ചിലവിൽ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവാണെന്ന വിവരം ലഭിച്ചത്.
നേരിയ പനിയെ തുടർന്നാണ് ഏപ്രിൽ 12ന് ജപ്പാൻപടി എൽപി സ്കൂളിൽ ആന്റിജൻ പരിശോധന നടത്തിയത്. ഫലം വരാതിരുന്നപ്പോൾ നെഗറ്റീവ് ആയിരിക്കുമെന്നു കരുതി വീട്ടമ്മയും കുടുംബവും സമാധാനിച്ചു.
എന്നാൽ ജൂണ് നാലിനു പോസിറ്റീവാണെന്നറിയിച്ചു വിളി വന്നു. ആരോഗ്യവകുപ്പിൽ നിന്നുള്ള വിളിക്ക് പുറമേ പോലീസ് സ്റ്റേഷൻ, മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നെല്ലാം ക്വാറന്റൈനിൽ ഇരിക്കണമെന്ന ഉപദേശവുമായി ഫോണ് വിളികൾ എത്തുകയായിരുന്നു.
എന്നാൽ സംഭവം അന്വേഷിക്കണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീനയ്ക്കും പൊൻമുണ്ടം പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ സക്കീർ പൊൻമുണ്ടം പരാതി നൽകിയിരിക്കുകയാണ്.
നിലവിൽ ഒരു കുഴപ്പവും ഇല്ലാത്തതിനാൽ വീട്ടമ്മയും കുടുംബവും ആശ്വാസത്തിലാണെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിരിക്കാതിരിക്കാനാണ് സന്നദ്ധ പ്രവർത്തകരുടെ ഇടപെടൽ.
സ്വകാര്യ ലാബുകളിലെ പരിശോധന ഫലം വൈകി നൽകുന്നത് സംബന്ധിച്ച് പരാതികൾ വ്യാപകമായിരിക്കെ സർക്കാർ സംവിധാനത്തിലും അപാകത സംഭവിച്ചതു ചർച്ചയായിരിക്കുകയാണ്.