തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍സ്ക്വയറിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ ലാബിന്റെ കോവിഡ് കിയോസ്ക് ബൂത്ത് ഉടനടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് കമ്മിറ്റി നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്കി.
തിരക്കേറിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ ലാബ് കോവിഡ് കിയോസ്ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.
ബൂത്തില്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ കോവിഡ് രോഗി ആണോ അല്ലയോ എന്ന് പോലും അറിയാതെയാണ് വരുന്നത്. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കിയോസ്ക് ബൂത്ത് സ്ഥാപിച്ചതിനെതിരെയാണ് സംസ്ഥാന വ്യാപാരി വ്യവസായ സമിതി തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി നിവേദനം നല്‍കിയത്.
നഗരത്തില്‍ പൊതുപരിപാടി നടക്കുന്ന ടൗണ്‍സ്ക്വയറിന് സമീപത്തായാണ് കിയോസ്ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെയാണ് ഇവിടെ കോവിഡ് കിയോസ്ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.
തിരക്കേറിയ പൊതു സ്ഥലത്തായതിനാല്‍ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കും സമീപത്തെ കടകളിലെ വ്യാപാരികള്‍ക്കും ഇത് ആശങ്കയുണ്ടാക്കുന്നതാണ്.
എത്രയും പെട്ടന്ന് തന്നെ കിയോസ്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാവശ്യമായ നടപടിയെടുക്കണമെന്ന് കമ്മിറ്റി നല്കിയ നിവേദനത്തില്‍ പറയുന്നു.
സാഹചര്യം നിരീക്ഷിച്ച് വേണ്ട നടപടിയെടുക്കാമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി കമ്മിറ്റി അംഗങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് കെ. എം. അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി കെ.വി. മനോഹരന്, ഉമ്മര്‍കുട്ടി, ടി. പ്രഭാകരന്, പി. എം. കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.