ജനീവ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവരുടെ ജീവൻ രക്ഷിക്കുന്നതിന് ബ്രിട്ടനിൽ ഡെക്സാമെതാസോണ്‍ എന്ന് മരുന്നിന് സാധിക്കുമെന്ന കണ്ടൈത്തലിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.
ഡെക്സാമെതാസോണ്‍ എന്ന മരുന്നിന് കോവിഡിനെ ചെറുക്കാനാകുമെന്ന കണ്ടെത്തലിനെ അഭിനന്ദിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.
ബ്രിട്ടീഷ് സർക്കാരും ഓക്സ്ഫോർഡ് സർവകലാശാലയും നിരവധി ആശുപത്രികളും അടക്കം ആരോഗ്യ രംഗത്തെ സുപ്രധാന കാൽവയ്പുകളിലൊന്നായ ഈ കണ്ടെത്തലിൽ പങ്കുചേർന്ന എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട പഠനങ്ങളും പരിശോധന റിപ്പോർട്ടുകളുമാണ് പുറത്ത് വന്നിട്ടുള്ളതെന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ടെഡ്രോസ് അഥനം ഗബ്രിയേസിസ് കൂട്ടിച്ചേർത്തു.
കോവിഡിനെതിരായുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മരുന്ന് പരീക്ഷിച്ചത്. ജീവൻ രക്ഷാ മരുന്നായി ഡെക്സാമെതാസോണ്‍ ഉപയോഗിക്കാമെന്ന കണ്ടെത്തൽ കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവാണെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
വെന്റിലേറ്ററുകളിലെ രോഗികളുടെ മരണ സാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്സിജൻ സിലണ്ടറിന്റെ സഹായത്താൽ ചികിത്സയിലുള്ള രോഗികളുടെ മരണ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു.
കോവിഡിന്റെ തുടക്കം മുതൽ യുകെയിലെ രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കിൽ 5,000 ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.