ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്ക് രോഗം സ്ഥിരീകരിച്ചു.
904 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,35,27,717 ആയി. മരണസംഖ്യ 1,70,179 ആയി ഉയർന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12,01,009 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ 1,21,56,529 പേർ രോഗമുക്തിനേടി. രാജ്യത്ത് ഇതുവരെ 10,45,28,565 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.
ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ലോക്ക്ഡൗൺ വേണ്ടിവരുമെന്ന് കേജരിവാൾ
ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്നും കേജരിവാൾ അറിയിച്ചു.
ലോക്ക്ഡൗണിനോട് സർക്കാരിന് യാതൊരു താൽപര്യവുമില്ല. എന്നാൽ കോവിഡ് വ്യാപിക്കുകയും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും കേജരിവാൾ വ്യക്തമാക്കി.