
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിൽ ശനിയാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ജില്ലാ കളക്ടർമാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 31 അര്‍ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല.
കണ്ടെയിന്മെന്റ് സോണുകൾക്ക് അകത്തും പുറത്തും വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പരീക്ഷകള്‍ക്കും തടസമില്ല.
പൊതുചടങ്ങുകളിലും 20 പേർക്കു മാത്രമേ പങ്കെടുക്കാനാകൂ. പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇന്ന് നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. 20 മരണങ്ങളാണ് വെള്ളിയാഴ്ച കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.