ചെങ്ങന്നൂർ: അനധികൃത കോവിഡ് ചികിത്സ നടത്തിയ വെണ്മണി പഞ്ചായത്തിലെ പുന്തല കക്കട എം എം എസ് എസ് ആശുപത്രി കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ഉത്തരവിനെത്തുടർന്ന് താല്കാലികമായി അടച്ചു പൂട്ടി.
കോവിഡ് മാനദണ്ഡങ്ങളോ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ പാലിക്കാതെയാണ് ഈ ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സ നൽകിയിരുന്നത്.
സംഭവം അറിഞ്ഞതോടെ ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയുടെയും വാർഡ് മെമ്പറിന്റെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയും ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്പെകടറും അടക്കമുള്ള ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലെത്തി പരിശോധന നടത്തി.
കോവിഡ് ബാധിതരായ നാല് രോഗികളെയും ഒരു ആശുപത്രി ജിവനക്കാരനെയും മറ്റ് ആശുപത്രികളിലേക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററിലേക്കും മാറ്റി. തുടർന്ന് സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഡിഎംഒയ്ക്കും കളക്ടർക്കും കൈമാറി.
തൊട്ടടുത്ത ദിവസം ആശുപത്രിയിലെ എട്ട് ജീവനക്കാർക്കു കൂടി കോവിഡ് ബാധ കണ്ടെത്തിയതോടെ ആശുപത്രിയിലെ മറ്റ് ജീവനക്കാരും പരിസരവാസികളും ഭീതിയിലായി.
ഡോക്ടർമാർ ഉൾപ്പെടെ 44 ജീവനക്കാരാണ് ആശുപത്രിയിൽ ഉള്ളത്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അനധികൃത കിടത്തി ചികിത്സ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തി.തുടർന്നാണ് ആശുപത്രി അടച്ചു പൂട്ടാൻ കളക്ടർ നിർദേശം നൽകിയത്.