മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആദിവാസി മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മൈസൂർ മല കോളനിയിൽ 20 ലധികം പേർക്കും തോട്ടക്കാട് പൈക്കാടൻമല കോളനിയിൽ അഞ്ച് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വാർഡ് മെമ്പർമാരുടെയും ആർആർടി വാളണ്ടിയർമാരുടെയും നിർദേശങ്ങൾ മാനിക്കാതെ പ്രദേശവാസികൾ കൂട്ടം കൂടി നിൽക്കുന്നതാണ് രോഗ വ്യാപനത്തിന് പ്രധാന കാരണമെന്ന് വാർഡ് മെമ്പർമാർ പറയുന്നു.
നിലവിൽ പോലീസ് പട്രോളിംഗ് ശക്തമാണെങ്കിലും പോക്കറ്റ് വഴികളിൽ ഉൾപ്പെടെ പട്രോളിംഗ് നടത്തണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. കോളനികളിലെ ചില വീടുകളിൽ വ്യാജവാറ്റ് നടക്കുന്നതായുള്ള വിവരവും യോഗത്തിൽ പങ്ക് വെച്ചു. ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി.
രോഗബാധിതരിൽ വീടുകളിൽ സൗകര്യങ്ങൾ ഇല്ലാത്തവരെ മരഞ്ചാട്ടിയിലെ എഫ്എൽടിസിയിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി. കൃത്യമായ പരിശോധന നടത്തുന്നതായും എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് രോഗം പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കി.
അതേ സമയം കോവിഡ് കേസുകൾ വർധിച്ചു വരുന്നത് കാർഷിക മേഖലയായ ഈ പ്രദേശങ്ങളിൽ മറ്റ് കർഷകർക്കും ദുരിതമാവുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളം ഉൾപ്പെടെ വാങ്ങുന്നതിന് പുറത്ത് പോവാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഈ പ്രശ്നം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും.