പയ്യന്നൂര്‍: കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിന്റെ ഉത്തര മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ താരമായത് 108 ആംബുലന്‍സുകള്‍. കൊറോണയുട രണ്ടാം ഘട്ടം മുതല്‍ 6225 പേരെയും കൊണ്ട് 108 ആംബുലന്‍സ് ഓടിയത് രണ്ടുലക്ഷത്തിലേറെ കിലോമീറ്റര്‍ ദൂരമാണ്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍ കൊറോണ എന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിനായി 45 ആംബുലന്‍സുകളാണ് രാത്രിയും പകലുമായി സര്‍വീസ് നടത്തിയത്.
108 ആംബുലന്‍സ് കാസര്‍ഗോഡ് 2320 പേര്‍ക്കുവേണ്ടി 61,000 കിലോമീറ്റര്‍ ഓടിയപ്പോള്‍ കണ്ണൂരില്‍ 2780 പേര്‍ക്കുവേണ്ടി 96,617 കിലോമീറ്ററും കോഴിക്കോട് 1125 പേര്‍ക്കായി 55,298 കിലോമീറ്ററുമാണ് ഓടിയത്. രോഗികള്‍ക്കായും രോഗം സംശയിക്കുന്നവര്‍ക്കും വേണ്ടിയായിരുന്നു ഈ ഓട്ടം.
ആംബുലന്‍സുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍മാരുടെ ഇടപെടലിലൂടെ വര്‍ക്ക്ഷോപ്പ് തുറന്നു പ്രവര്‍ത്തിപ്പിച്ചതും ഇവര്‍ക്ക് സഹായകമായി.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോൾ സെന്റർ, ജില്ലാ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലാ കൊറോണ സെല്ലുമായുള്ള മികച്ച ഏകോപനം, ആത്മാര്‍ഥതയുള്ള ആംബുലന്‍സ് ജീവനക്കാര്‍ എന്നിവര്‍ കൈകോര്‍ത്തപ്പോഴാണ് അഭിമാനകരമായ നേട്ടമുണ്ടായത്.
108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ജിവികെ എമര്‍ജന്‍സി മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ എ.ഹിരോഷ് (കാസര്‍ഗോഡ്), അഭിജിത്ത് സഹദേവന് (കണ്ണൂര്‍), അല്വിന് ജോസഫ്(കോഴിക്കോട്) എന്നിവര്‍ ജില്ലാ ആരോഗ്യ വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നു.
ഇതിന്റെയെല്ലാം എകോപനം ഉറപ്പുവരുത്തുന്നത് മേഖലാ ചുമതലയുള്ള പ്രോഗ്രാം മാനേജര്‍ കെ.പി.രമേശനാണ്.