
കോട്ടയം: കോവിഡ് സ്ഥിരീകരിച്ച കോട്ടയം ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും രോഗം. ഏഴു മാസം ഗർഭിണിയായ 29 വയസുകാരിയുടെ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്. ഇവരുടെ ആദ്യ പരിശോധനാ ഫലം സാമ്പിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. കുട്ടിയും അമ്മയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കുവൈത്തിൽ നിന്ന് ഇരുവരും കുവൈറ്റ്-കൊച്ചി വിമാനത്തിൽ ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവർ ഉഴവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇവർ എത്തിയ വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര് എത്തിയിരുന്നു. ഇതില്‍ ഒമ്പത് പേര് നിരീക്ഷണ കേന്ദ്രത്തിലും 12 പേര് ഹോം ക്വാറന്റയിനിലുമാണ്. ഇവർ നെടുമ്പാശേരിയിൽ നിന്നു മടങ്ങിയ ടാക്സി ഡ്രൈവർ, യുവതിയുടെ ഉഴവൂരിലെ ഭർതൃമാതാവ് എന്നിവരും നിരീക്ഷണത്തിലാണ്. ഇരട്ട ചേംബറുള്ള ടാക്സിയിലാണ് ഇവർ വീട്ടിലെത്തിയത്. ഭർതൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.