ആലപ്പുഴ: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത് 1259 പേർ. നിലവിൽ പോസിറ്റീവ് കേസുകൾഒന്നുമില്ലെങ്കിലും മൂന്നുപേർ ആശുപത്രി നിരീക്ഷണത്തിലുണ്ട്.
ഇന്നലെ 58 പേരെ വീടുകളിൽ നിരീക്ഷണത്തിന് നിർദേശിച്ചു. 102 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്നലെ ഫലം വന്ന 38 സാന്പിളുകളും നെഗറ്റീവ് ആണ്. ഇന്നലെ പരിശോധനയ്ക്ക് അയച്ച 44 സാന്പിളുകളടക്കം 56 എണ്ണത്തിന്റെ ഫലം ലഭിക്കാനുമുണ്ട്.
ഇന്നലെ 73 പരാണ് കണ്ട്രോൾ റൂമിൽ വിളിച്ചത്. 510 പേർ ടെലികണ്‍സൾട്ടേഷൻ സംവിധാനം മുഖേന ബന്ധപ്പെട്ടു. 36,175 വീടുകൾ ഹോം ക്വാറന്റൈൻ സംഘങ്ങൾ സന്ദർശിച്ചു.
കോവിഡ്-19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കമ്യൂണിറ്റി കിച്ചണുകൾ വഴി ജില്ലയിലെ പഞ്ചായത്തുകളിൽ ഞായറാഴ്ച 10,113 പേർക്ക് ഉച്ചഭക്ഷണം നൽകിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം. ഷഫീഖ് അറിയിച്ചു.
ഇതിൽ 278 അതിഥി തൊഴിലാളികളും ഉൾപ്പെടും. 8656 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. നഗരസഭകളുടെ കീഴിൽ ജില്ലയിൽ 2283 പേർക്ക് ഉച്ചഭക്ഷണം നൽകിയതായി നഗരസഭകളിലെ കമ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു.
1,598 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. ഇതിൽ 82 അതിഥി തൊഴിലാളികളും ഉൾപ്പെടും. ഇന്നലെ വൈകുന്നേരം നാലുവരെ ലോക്ക്ഡൗണ്‍ ലംഘിച്ചതിനടക്കം 149 വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയും 1,60,075 രൂപ പിഴ ഈടാക്കുകയും ചെയ്തു.
അഞ്ചുപേരിൽ അധികം കൂട്ടം കൂടരുതെന്ന മാനദണ്ഡം ലംഘിച്ചതിന് ഏഴുകേസുകളിലായി 26 പേർക്കെതിരേയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 27 പേർക്കെതിരെയും അനധികൃത മദ്യനിർമാണത്തിന് മൂന്നു കേസുകളിലായി ഏഴുപേർക്കെതിരെയും ലോക്ക് ഡൗണ്‍ ഇളവനുവദിക്കാത്ത സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിച്ചതിന് 11 പേർക്കെതിരേയും
നിരോധിത പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയതിന് ആറുപേർക്കെതിരേയും മയക്കുമരുന്നു വില്പന നടത്തിയതിന് മൂന്നുപേർക്കെതിരേയും കൂട്ടംകൂടിയിരുന്ന് കളികളിലേർപ്പെട്ടതിന് ഏഴുപേർക്കെതിരേ യും കേസെടുത്തു. ആകെ 228 കേസുകളിലായി 236 പേരെയാണ് അറസ്റ്റുചെയ്തത്.