കോട്ടയം: കോവിഡ് കാലത്ത് ആംബുലൻസ് ഡ്രൈവർക്കു ഭക്ഷണം നൽകാൻ വിസമ്മതിച്ചു തട്ടുകട ഉടമ. കോട്ടയം മാന്നാനം സ്വദേശിയും ഇമ്മാനുവൽ ആംബുലൻസിന്റെ ഡ്രൈവറുമായ പി.കെ. റോയിക്കാണു തിങ്കളാഴ്ച വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽവച്ച് ഈ ദുരനുഭവമുണ്ടായത്.
കോട്ടയം മെഡിക്കൽ കോളജിൽനിന്ന് പ്രസവത്തിനുശേഷം യുവതിയെ വീട്ടിലെത്തിക്കുന്നതിനായി തിങ്കളാഴ്ച വൈകിട്ട് റോയ് കോട്ടയത്തുനിന്നു പുറപ്പെട്ടതാണ്.
യുവതിയെയും കുഞ്ഞിനെയും മുണ്ടക്കയം കോരൂത്തോടുള്ള വീട്ടിൽ ഇറക്കിയശേഷം ഇവർ തിരികെ പോന്നു. ലോക്ക്ഡൗണായതിനാൽ ഈ സമയംവരെ ആംബുലൻസ് ഡ്രൈവറായ റോയിയും ഒപ്പമുണ്ടായിരുന്ന സഹായിയും ഒന്നും കഴിച്ചിരുന്നില്ല.
വൈകിട്ട് എട്ടോടെ 26-ാം മൈലിലെ തട്ടുകട കണ്ട് വെള്ളം കുടിക്കുന്നതിനായി ആംബുലൻസ് നിർത്തി. തട്ടുകട പ്രവർത്തിക്കുന്നുണ്ട് എന്നു കണ്ടതിനാൽ ഭക്ഷണം ചോദിച്ചു.
ആദ്യം ഭക്ഷണമില്ലെന്ന് കടക്കാരൻ മറുപടി നൽകി. പിന്നെ പാഴ്സൽ നൽകാമെന്നു പറഞ്ഞു. എന്നാൽ ആംബുലൻസിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ബുദ്ധിമുട്ടോർത്ത് ഇവർ ചായയോ വെള്ളമോ എങ്കിലും തരാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇതിനും കടയുടമ വിസമ്മതിച്ചു. “നിങ്ങൾ പല ആൾക്കാരേയും കയറ്റിക്കൊണ്ടു പോകുന്നതല്ലേ’ എന്നു ചോദിച്ച് ചായ നൽകാനുള്ള ആവശ്യവും കടയുടമ നിരസിക്കുകയാണ് ഉണ്ടായതെന്നു റോയി പറയുന്നു. മാസ്ക് അടക്കമുള്ള സുരക്ഷാ മുൻ കരുതലും ഇവർ സ്വകീരിച്ചിരുന്നു.
ഇതോടെ തട്ടുകടയ്ക്ക് നേരെ എതിർവശത്ത് താമസിച്ചിരുന്ന വീട്ടുകാരൻ ഇറങ്ങിവന്ന് അഞ്ചു മിനിറ്റ് നിന്നാൽ വീട്ടിൽനിന്നു ചായയുണ്ടാക്കി നൽകാമെന്നു പറഞ്ഞു. എന്നാൽ വീട്ടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടോർത്ത് റോയിയും ഒപ്പമുണ്ടായിരുന്ന ആളും ഈ സഹായവാഗ്ദാനം നന്ദിപൂർവം നിരസിച്ച് കോട്ടയത്തേക്കു മടങ്ങുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം ആംബുലൻസുമായി പോകവെ വൈക്കത്തിനടുത്ത ചെന്പിൽവച്ചും സമാനമായ അനുഭവമുണ്ടായെന്ന് റോയി പറയുന്നു.
ഓട്ടത്തിനിടയിൽ ഒന്നും കഴിക്കാൻ സാധിക്കാത്തതിനാൽ, ഒരു കടയിൽകയറി ചായ ചോദിച്ചപ്പോൾ ആംബുലൻസ് ഡ്രൈവറാണെന്നതിന്റെ പേരിൽ ചായ പോലും നൽകാൻ കടയുടമ തയാറായില്ലെന്ന് റോയി ചൂണ്ടിക്കാട്ടി. ഒരു മാസമായി തങ്ങൾ ഇതേ അവസ്ഥയിലാണ് ആംബുലൻസ് ഓടിക്കുന്നതെന്നും അദ്ദേഹം പറയുന്നു.