കൊച്ചി: എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലേക്കുള്ള വിളികളിലും വര്‍ധന. ഇന്നലെ 610 കോളുകളാണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. ഇതില്‍ 123 കോളുകള്‍ പൊതുജനങ്ങളില്നിന്നുമായിരുന്നു.
പാസിന്റെ ലഭ്യത, ചെക്ക്പോസ്റ്റുകളിലുള്ള നടപടിക്രമങ്ങള്‍, കോവിഡ് കെയര്‍ സെന്ററുകളുടെ വിവരങ്ങള്‍ അറിയുന്നതിനും രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമോയെന്നറിയുന്നതിനുമായിരുന്നു കൂടുതല്‍ വിളികളും.
വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്നലെ 3,135 വീടുകള്‍ സന്ദര്‍ശിച്ചു ബോധവത്ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഇന്നലെ 31 ചരക്കു ലോറികളാണ് എത്തിയത്. ഇതില്‍ വന്ന 34 ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 20 പേരെ കണ്ട്രോള് റൂമില്‍നിന്നു ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.
ഇന്നലെ ജില്ലയില്‍ 92 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചു. ഇതില്‍ 71 എണ്ണം പഞ്ചായത്തുകളിലും, 21 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങള്‍ വഴി 5,390 പേര്‍ക്ക് ഭക്ഷണം നല്കി. ഇതില്‍ 295 പേര് അതിഥിത്തൊഴിലാളികളാണ്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 92 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. ഇത് കൂടാതെ കണ്ട്രോള് റൂമിലേക്ക് വിളിച്ച 21 പേര്‍ക്കും ഇത്തരത്തില്‍ കൗണ്‍സലിംഗ് നല്കി.
വീടുകളില്‍ നിരീക്ഷണത്തിലുള്ള 21 ഗര്‍ഭിണികളുടെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യപ്രവത്തകര്‍ ഫോണ്‍ വഴി ശേഖരിച്ചു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.