കൊച്ചി: കോവിഡ്19 രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 488 പേര് നിരീക്ഷണത്തില്‍ തുടരുന്നു. ഇതില്‍ 472 പേര് വീടുകളിലും 16 പേര് വിവിധ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്.
അതിനിടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നാല് പേര് ആശുപത്രിവിട്ടത് കൂടുതല്‍ ആശ്വാസം പകരുന്നു. ഒരുമാസത്തോളമായി ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തതും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെയും തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.
ഇതോടെ പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് തലവേദനയാവുകയാണ്.
അത്യാവശ്യങ്ങള്‍ക്കൊഴികെ ആരും പുറത്തിറങ്ങരുതെന്ന നിര്‍ദേശമുണ്ടെങ്കിലും ചുരുക്കം ചിലര്‍ ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കാതെ വാഹനവുമായി പുറത്തിറങ്ങുന്നുണ്ടെന്ന് ഗതാഗത നിയന്ത്രണത്തിലേര്പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്തരക്കാരെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം പുറത്തിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാമുന്കരുതലുകളെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.തക്കതായ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ലോക്ക്ഡൗൺ ലംഘനത്തിന് പോലീസ് കേസും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കൊപ്പം സുരക്ഷാ പരിശോധനകളും ശക്തമാക്കയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലെത്തിയ 107 ചരക്ക് ലോറികളിലെ 119 തൊഴിലാളികളെയും കൊച്ചി തുറമുഖത്തെത്തിയ മൂന്ന് കപ്പലുകളിലെ 122 ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കി. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖാപിച്ചതിനെത്തുടര്ന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനകള്‍ തുടരുകയാണ്.
ഇന്നലെ 23 സ്ഥാപനങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തി. നിലവില്‍ 40 കോവിഡ് പരിശോധനാ ഫലങ്ങള്്കുടിയാണ ഇനി ലഭിക്കാനുള്ളത്. ഇന്നലെ ലഭിച്ച 38 സാമ്പിളുകളും നെഗറ്റീവായിരുന്നു.