കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19,000 കടന്നു. ഇന്നലെ 1,417 പേരെകൂടി നിരീക്ഷണത്തിലാക്കിയതോടെയാണു എണ്ണം വര്‍ധിച്ചത്.
നിലവില്‍ 19,187 പേരാണു ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 16,844 പേര് വീടുകളിലും 103 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2,240 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ആശുപത്രികളിലും എഫ്എല്‍ടിസികളിലും നിരീക്ഷണത്തിലുണ്ടായിരുന്ന 210 പേരെ ഡിസ്ചാര്‍ജ് ചെയ്തു. അതിനിടെ, ജില്ലയില്‍ ഈമാസം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,650 ആയി.
ഇന്നലെ 318 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു രോഗികളുടെ എണ്ണവും ഉയരുന്നത്. നിലവില്‍ ജില്ലയില്‍ 7,809 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നിരക്ക് 68.66 ശതമാനമാണ്.
രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാകുന്നുണ്ട്. ഇതുവരെ 42 കോവിഡ് മരണങ്ങളാണു ജില്ലയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് മരണങ്ങളും ഈമാസം സ്ഥിരീകരിച്ചതാണ്.
ഇന്നലെ ജില്ലയില്‍ 204 പേര്‍ക്കാണ് കോവിഡ് ഭേദമായത്. ഇതില്‍ 197 പേര് എറണാകുളം ജില്ലക്കാരും ആറു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഒരാള്‍ മറ്റു ജില്ലക്കാരനുമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര് കേരളത്തിന് പുറത്തുനിന്നു വന്നവരാണ്.
304 പേര്‍ക്കും രോഗം വ്യാപിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഒന്‍പത് പേരുള്‍പ്പടെ 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പള്ളിപ്പുറം സ്വദേശിനിയായ ആശ പ്രവര്‍ത്തകയ്ക്കും കലൂരില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍
പണിയെടുക്കുന്ന 21 അതിഥി തൊഴിലാളികള്‍ക്കും കവലങ്ങാടില്‍ താമസിക്കുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ക്കും നായരമ്പലം സ്വദേശിയായ ഒരു പോലീസ് ഉദ്യോഗസ്ഥനും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി.