മുക്കം: കൂട്ടുകാരന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുപ്പതോളം കുട്ടികൾ ക്വാറന്റൈനിൽ. മുക്കം നഗരസഭ പരിധിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച അഞ്ചു പേരിൽ ഒരാളുടെ മകനോടൊപ്പം ഫുട്ബോൾ കളിയിൽ പങ്കാളികളായ മുപ്പത് കുട്ടികളാണ് ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വന്നത്.
പതിനാലു ദിവസം ക്വാറന്റൈനിൽ കഴിഞ്ഞയാളുടെ കോവിഡ് പരിശോധനാഫലം രണ്ടു ദിവസം കഴിഞ്ഞ് ലഭിച്ചപ്പോൾ പോസിറ്റീവായതാണ് പ്രശ്നമായത്.
ക്വാറന്റൈനിൽ കഴിഞ്ഞിരുന്നയാൾ പതിനാലു ദിവസത്തിനു ശേഷം പ്രത്യേകിച്ച് ലക്ഷണമൊന്നും പ്രകടമാകാത്തതിനാൽ വീട്ടുകാരുമായി ഇടപഴകിയിരുന്നു.
കുട്ടികൾ പുറത്തു പോയി മറ്റു കുട്ടികളോടൊപ്പം കളിക്കുകയും ഇടപഴകുകയും ചെയ്തു. ഇതിനിടെയാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. കുട്ടികൾ പലയിടങ്ങളിലും പോവുകയും ഇടപഴകുകയും ചെയ്തതും നാട്ടിലാകെ ആശങ്ക വരുത്തിയിരിക്കുകയാണ്.