
കൊല്ലം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇ-ഓഫീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു.
വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്വാറന്റൈനില്‍ പോകേണ്ട സ്ഥിതി സംജാതമായിട്ടുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകുന്ന അവസ്ഥക്ക് ഇടകൊടുക്കാതെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഓഫീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണം. ഏറ്റവും കുറവ് ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയുള്ള ക്രമീകരണം ഒരുക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കൈയുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ അടിയന്തരമായി കൂടുതല്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം ആയി.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര പൊതുഗതാഗത സേവനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആര്‍ടിഒക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
അഴീക്കല്‍ ഹാര്‍ബര്‍ അടക്കേണ്ടി വന്ന സാഹചര്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്, കോവിഡ് എന്നിവയുമായി ബന്ധപ്പെട്ട് തീരദേശ മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
സംരക്ഷിത കുടുംബ കൂട്ടായ്മ (സിസിജി) പ്രവര്‍ത്തനങ്ങള്‍ ജില്ലയിലാകെ വ്യാപിപ്പിക്കുമെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും സബ് കളക്ടര്‍ ശിഖാ സുരേന്ദ്രന് അറിയിച്ചു.
ഇതിനായി തദ്ദേശ തലത്തില്‍ എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
നഗരത്തില്‍ 16 കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പരീക്ഷ തിരക്ക് ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സാധിച്ചതായി ജില്ലാ പോലീസ് മേധാവി ടി. നാരായണന് അറിയിച്ചു.
എഡിഎം പി.ആര്.ഗോപാലകൃഷ്ണന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീലത, ഡെപ്യൂട്ടി ഡിഎംഒ ഡോ. ആര് സന്ധ്യ , ജില്ലാ ആശുപത്രി സൂപ്രണ്ട് വസന്തദാസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍,
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.