ന്യൂഡൽഹി: ഭീതിയുടെ മുൾമുനയിൽ നിർത്തി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കുതിക്കുന്നു. 81,970 പേർക്കാണ് രാജ്യത്ത് രോഗം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
പുതുതായി രോഗം ബാധിച്ചിരിക്കുന്നത് 3,967 പേര്‍ക്കാണ്. ഇതുവരെ രോഗം ബാധിച്ച് 2,649 ആളുകൾ മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 100 പേരാണ്. 27,920 പേരുടെ രോഗം ഭേദമായി.
കോവിഡ് അതിരൂക്ഷമായി ബാധിക്കുന്നത് മഹാരാഷ്ട്രയെ ആണ്. 27,524 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. 1,019 പേര് ഇവിടെ രോഗം ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടെ 1,602 കോവിഡ് കേസുകളും 44 മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചു. 6,059 പേര്‍ക്കാണ് രോഗം ഭേദമായത്.
മഹാരാഷ്ട്രയിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. ഇതേ തുടർന്ന് മുംബൈയില്‍ ലോക്ക്ഡൗണ്‍ നീട്ടി. മേയ് 31 വരെയാണ് മുംബൈ നഗരത്തിൽ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
രാജ്യതലസ്ഥാനത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 8,470 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 115 പേര് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച മാത്രം 472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മധ്യപ്രദേശില്‍ 4,173 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 232 പേര് ഇവിടെ രോഗം ബാധിച്ചു മരിച്ചു. 4,328 കേസുകളാണ് ഇതുവരെ രാജസ്ഥാനില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.121 പേരുടെ ജീവന് നഷ്ടപ്പെട്ടു.
കേരളത്തില്‍ വ്യാഴാഴ്ച മാത്രം 26 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ ഏഴു പേര് വിദേശത്തു നിന്നും വന്നവരും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും നാലുപേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്നും വന്നതാണ്. 11 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതോടെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 560 ആയി.