ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ സജീവ കേസുകളുടെ എണ്ണത്തിലും മരണത്തിലും ഭീതിജനകമായ കുതിപ്പു തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
2,812 പേർ മരണത്തിനു കീഴടങ്ങി. 2,19272 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ 15 മടങ്ങ് വർധനയാണു തുടർച്ചയായ ഏതാനും ദിവസങ്ങളായി ഉണ്ടാകുന്നത്.
തുടർച്ചയായ അഞ്ചാംദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂന്നുലക്ഷം കടക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ പത്തുലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒന്നേമുക്കാൽ കോടിക്കടുത്തെത്തി.
ഇതുവരെ 1,73,13,163 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,43,104,382 പേർ രോഗമുക്തി നേടി. 1,95,123 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ ആശുപത്രികളിലും വീടുകളിലുമായി 28,13,658 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഞായറാഴ്ച 14,19,11,223 പേരാണ് വാക്സിൻ സ്വീകരിച്ചത്.
രാജ്യത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമാകുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 832 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏഴുലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,804 പേർ കോവിഡ് പോസിറ്റീവായി. 143 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു. നിലവിൽ രണ്ടരലക്ഷത്തോളം പേർ ചികിത്സയിൽ കഴിയുന്നുണ്ട്.



