കോവിഡ്-19 സ്ഥിരീകരിച്ച മൂന്നുപേരുമായി അടുത്തിടപഴകിയെന്നു സംശയിക്കുന്ന 14 പേര് നിരീക്ഷണത്തില്‍. മൂന്നു പോലീസുകാരും ഇതില്‍ ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമായി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി കുടുംബം പത്തനംതിട്ട എസ്പി ഓഫിസിലെത്തി അപേക്ഷ നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി ഇവരുടെ റാന്നിയിലെ വീട്ടിലെത്തി അന്വേഷണവും നടത്തിയിരുന്ന സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ മൂന്നുപേരാണ് നിരീക്ഷണത്തിലുള്ളത്.
നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഇവരെ കോട്ടയത്തുള്ള ബന്ധുക്കളാണ് വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു റാന്നിയിലെ വീട്ടിലെത്തിച്ചത്. ഈ കുടുംബവും നിരീക്ഷണത്തിലാണ്. ഇവര്‍ പുനലൂരില്‍ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തുവെന്നുള്ള സൂചനകളുമുള്ളതിനാല് ഇതും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ദോഹയില്‍നിന്ന് ക്യൂആര്‍ 514 വിമാനത്തിലാണ് ഫെബ്രുവരി 29ന് കുടുംബം കൊച്ചിയിലെത്തി. വിമാനത്താവളത്തില്‍നിന്ന് ടാക്സിയിലാണ് ഇവര്‍ നാട്ടിലേക്കു പോയത്.
അന്ന് ടാക്സി ഓടിച്ചിരുന്ന ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 29ന് നാട്ടിലെത്തിയ കുടുംബം മാര്‍ച്ച് ആറുവരെയുള്ള കാലയളവില്‍ സന്ദര്‍ശനം നടത്തിയ ഇടങ്ങളിലെല്ലാം അന്വേഷണം നടത്തും.
കുടുംബം ഇക്കാലയളവില്‍ ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. ദമ്പതികളുടെ വൃദ്ധമാതാപിതാക്കള്‍ക്കും രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പത്തനംതിട്ടയില്‍ പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. കണ്ട്രോള് റൂം നമ്പര്‍- 0468 2228220.