സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നും എത്തിയവരാണ്.
ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച വിമാനത്തിന്റെ വിശദാംശങ്ങള്‍ ഫെബ്രുവരി 29നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ QR 126 വെനീസ്-ദോഹ ഫ്ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്.
ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ QR 514 ദോഹ-കൊച്ചി ഫ്ളൈറ്റില്‍ രാവിലെ 8.20 ന് കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്. അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോേെലഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിക്കണമെന്നും പരിശോധനയ്ക്കു ശേഷം മാത്രം വേണം പുറത്തിറങ്ങാന്‍ എന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിബന്ധനകളൊന്നും പാലിക്കാന്‍ ഇവര്‍ തയ്യാറായില്ല.
അധികൃതരെ വെട്ടിച്ച് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ സ്വീകരിക്കാന്‍ രണ്ടു ബന്ധുക്കളും എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യ കാറില്‍ ഇവര്‍ അഞ്ചുപേരും കൂടി പത്തനം തിട്ടയിലേക്ക് തിരിക്കുകയായിരുന്നു.
മാര്‍ച്ച് ഒന്നിന് രാവിലെ 8.20ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധിപേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം കണ്ടെത്തുക എന്ന ബുദ്ധിമുട്ടേറിയ ദൗത്യമാണ് ആരോഗ്യവകുപ്പിനെ കാത്തിരിക്കുന്നത്.