ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിഹാർ ജയിലും കോവിഡ് ഭീതിയിൽ. ബലാത്സംഗക്കേസിലെ പ്രതിയായ ഒരാളെ രണ്ടാം നമ്പര്‍ ജയിലില്‍ എത്തിച്ചിരുന്നു.
ഇയാൾ പീഡനത്തിനിരയാക്കിയതായി പരാതിപ്പെട്ട പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്ക ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടർന്നു പ്രതിയെ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ക്കൊപ്പം സെല്ലില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു തടവുകാരെ അധികൃതർ ക്വാറന്റൈനിലാക്കി.
മേയ് ഒമ്പതിനാണ് പീഡനത്തിനിരയായ പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജയിൽ അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഇതോടെയാണ് പ്രതിയും രോഗബാധിതനാകാനുള്ള സാധ്യത ഏറിയത്. പ്രതിയുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിക്കോ ഇയാളുടെ ഒപ്പം സെല്ലിലുണ്ടായിരുന്ന മറ്റു തടവുകാർക്കോ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അധികൃതർ പറഞ്ഞു.
കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന് ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന് എന്നിവർടക്കം നിരവധി പേർ രണ്ടാം നമ്പർ ജയിലാണുള്ളത്. ഇവരെ പ്രത്യേക സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരൊന്നും പ്രതിയുമായി നേരിട്ട് ഇടപഴകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ജയിലില്‍ പുതുതായിയെത്തുന്ന പ്രതികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജയിലിൽ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ളവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.