കണ്ണൂർ: സമ്പർക്കം വഴി പതിനാലുകാരന് കോവിഡ് പോസറ്റീവ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂരിൽ പൂർണ നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതം നിയന്ത്രിക്കുന്നതി ഭാഗമായി നഗരത്തിലെ എല്ലാ പോക്കറ്റു റോഡുകളും ബാരിക്കേഡ് ഉയർത്തി പോലീസ് അടച്ചു.
ഇന്നലെ രാത്രിയോടെ ചെറിയ റോഡുകൾ അടച്ചിരുന്നു. ഹൈവേ വഴി മാത്രമേ വാഹനങ്ങൾ കണ്ണൂർ നഗരത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. കണ്ണൂർ നഗരത്തിലും തളാപ്പ് മുതൽ താണ വരെയുള്ള ഭാഗങ്ങളിലും താളിക്കാവ്, പയ്യാമ്പലം, കാനത്തൂർ ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി കടുത്ത നിയന്ത്രണത്തിലാക്കിയത്.
കണ്ണൂർ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണമേർപ്പെടുത്തി. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോലീസ് പിക്കറ്റിംഗും ഏർപ്പെടുത്തി. അതേ സമയം കോവിഡ് ബാധിതനായ യുവാവിനെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
ആശുപത്രി പരിസരത്തും നിയന്ത്രണമില്ലെന്ന് പരിസരവാസികൾ പറയുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് നിയന്ത്രണം.നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ പലതും രാവിലെ തുറന്നിട്ടുണ്ട് .ഉച്ചയോടെ അടക്കാൻ പോലീസ് നിർദേശം നൽകി.കണ്ണൂരിലെ പച്ചക്കറി മാർക്കറ്റും മത്സ്യ മാർക്കറ്റും തുറന്നിട്ടുണ്ട്.
എന്നാൽ മിക്ക ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.ബാങ്കുകൾ ഉച്ചവരെ പ്രവർത്തിക്കും.നഗരത്തിലെ പതിവ് തിരക്ക് ഇല്ല. ആളുകൾ നന്നേ കുറവാണ്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.
കളക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളും രാവിലെ പ്രവർത്തിക്കുന്നുണ്ട്. നഗരം അടച്ചതോടെ സ്വകാര്യ ബസുകൾ പലതും സർവീസ് നിർത്തി വച്ചു. എന്നാൽ കെഎസ്ആർടിസി പതിവ് സർവിസ് നടത്തുന്നുണ്ട്.
സന്പർക്കംമൂലം കോവിഡ് ബാധിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് തയാറാക്കും
സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പതിനാലുകാരന്റെ ഫ്ലാറ്റിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സന്ദർശിച്ചു. വീട്ടുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്താത രോഗവ്യാപനം ആരോഗ്യ വകുപ്പിനെ കുഴക്കുകയാണ്.
കോവിഡ് ബാധിച്ച പതിനാലുകാരന്റെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും ആരോഗ്യ വകുപ്പ് തയാറാക്കും. യുവാവിന്റെ വീട് ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. കൂടുതൽ സ്ഥലങ്ങളിൽ പോയിട്ടില്ലെന്നാണ് യുവാവിന്റെ മാതാപിതാക്കൾ പോലീസിനു നൽകിയ വിവരം.
കഠിനമായ പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പതിനാലുകാരന്റെ കോവിഡ് പരിശോധനാ ഫലം പോസറ്റീവാണെന്ന് മനസിലായത്. തുടർന്ന് പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.