കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഇന്നലെ പുതുതായി 63 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 16 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു.
ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 880 ആയി. ഇതിൽ 426 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 454 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും കഴിയണം.
ഇന്നലെ പുതുതായി ഒരാളെ കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 27 ആയി ഉയർന്നു.
കളമശേരി മെഡിക്കൽ കോളജിൽ ആറുപേരും ആലുവ ജില്ലാ ആശുപത്രിയിൽ ഏഴ് പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ ഒരാളും സ്വകാര്യ ആശുപത്രികളിൽ 13 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 48 ആണ് .
ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ കോവിഡ് കെയർ സെന്ററിലാണുള്ളത്. ഇന്നലെ ജില്ലയിൽനിന്നും 42 സാന്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 40 പരിശോധന ഫലങ്ങളാണു ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവാണെന്നും ഇനി 63 സാന്പിൾ ഫലങ്ങൾ കൂടി ലഭിക്കാനുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലാ കണ്ട്രോൾ റൂമിലേക്കുള്ള കോളുകളുടെ എണ്ണം ഇന്നലെ വർധിച്ചു. ആകെ 558 കോളുകളാണ് കണ്ട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 313 കോളുകൾ പൊതുജനങ്ങളിൽനിന്നുമായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് വരുന്നതിനും, ഇവിടെയുള്ള അതിഥിത്തൊഴിലാളികൾക്ക് അവരുടെ നാട്ടിലേക്ക് പോകുന്നതിനും ഉള്ള ക്രമീകരണങ്ങളെ കുറിച്ച് അറിയുന്നതിനുമാണ് ഭൂരിഭാഗം കോളുകളും എത്തിയത്.
ഇവിടെ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ തിരിച്ച് പോക്ക് സംബന്ധിച്ച് അറിയുന്നതിനും കോളുകൾ എത്തി.