കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ 608പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇന്നലെ രണ്ടു കേസുകള്‍കൂടി ജില്ലയില്‍ സ്ഥിരീകരിച്ചതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായത്.
നിരീക്ഷണ കാലയളവ് അവസാനിച്ച 213 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7,834 ആയി. ഇതില്‍ 150പേര് ഹൈ റിസ്ക് വിഭാഗത്തിലും 7684പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
കഴിഞ്ഞ 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ തൃക്കാക്കര സ്വദേശിനിയായ 34കാരിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 22ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇവര്‍ നേരത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. 22ന് ന്യൂഡല്‍ഹിയില്‍നിന്നുള്ള ട്രെയിനില്‍ കൊച്ചിയിലെത്തിയ 26കാരനായ കുന്നത്തുനാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍.
വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 25ന് സാമ്പിള്‍ ശേഖരിക്കുകയും തുടര്‍ന്നു കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ 14 പേരും ഐഎന്‍എസ് സഞ്ജീവനിയില്‍ നാലുപേരുമാണു ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ പുതുതായി ഒന്‍പതുപേരെ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എട്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ, ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 63 ആയി. ഇന്നലെ ജില്ലയില്‍നിന്നും 80 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 99 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇനി 86 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ 22 കോവിഡ് കെയര്‍ സെന്ററുകളിലായി 782 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 233 പേര് പണം നല്കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.
ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ നാല് കപ്പലുകളിലെ 92 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്നും അധികൃതര്‍ അറിയിച്ചു.