കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും എറണാകുളം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രോഗികളുടെ എണ്ണം വര്ധിക്കുന്നതോടൊപ്പമാണ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും കൂടുന്നത്. ഇന്നലെ 782 പേരെകൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം അടുത്തു.
നിരീക്ഷണ കാലയളവ് അവസാനിച്ച 644 പേരെ പട്ടികയില്‍നിന്നും ഒഴിവാക്കി. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9,929 ആയി.ഇതില്‍ 8,843 പേര് വീടുകളിലും, 462 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 624 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്നലെ ജില്ലയില്‍ എട്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണവും വര്‍ധിച്ചത്. നിലവില്‍ 50 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ 45 പേരും സ്വകാര്യ ആശുപതിയില്‍ ഒരാളും ഐഎന്‍എസ് സഞ്ജീവനിയില്‍ നാലുപേരും ചികിത്സയിലുണ്ട്.
കഴിഞ്ഞ 26ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള നെടുമ്പാശേരി സ്വദേശിനി, 31 വയസുള്ള തിരുവനന്തപുരം സ്വദേശിനി, 47 വയസുള്ള പത്തനംതിട്ട സ്വദേശിനി, 42 വയസുള്ള ഏലൂര്‍ സ്വദേശിനി, 42 വയസുള്ള ആലുവ സ്വദേശിനി, അബുദാബി-കോഴിക്കോട് വിമാനത്തിലെത്തിയ 38 വയസുള്ള ഏഴിക്കര സ്വദേശി, 27 ലെ അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള മൂവാറ്റുപുഴ സ്വദേശി, 50 വയസുള്ള പെരുമ്പാവൂര്‍ സ്വദേശി, 59 വയസുള്ള മുളന്തുരുത്തി സ്വദേശി, ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള നെടുമ്പാശേരി സ്വദേശി എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ചികിത്സയില്‍ കഴിഞ്ഞുവന്ന നാലുപേര്‍ രോഗമുക്തി നേടിയതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി. കഴിഞ്ഞ 17ന് അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ കീഴ്മാട് സ്വദേശിയും 18ന് അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 38 കാരനായ ഏഴിക്കര സ്വദേശിയും തൃശൂര്‍ സ്വദേശിയായ 47 കാരനും 30ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ 27 വയസുള്ള മഹാരാഷ്ട്ര സ്വദേശിയുമാണു മെഡിക്കല്‍ കോളജില്‍നിന്നും ഇന്നലെ ഡിസ്ചാര്ജായതെന്ന് അധികൃതര്‍ അറിയിച്ചു.