കൊച്ചി: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂള് ടെസ്റ്റിംഗ് ഊര്‍ജിതമാക്കി. കണ്വന്ഷന് ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് വഴിയും ട്രൂ നാറ്റ് ടെസ്റ്റിംഗ് മുഖേനയും നടത്തപ്പെടുന്ന പരിശോധനകളിലും പൂള് ടെസ്റ്റിംഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 31 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇന്നലെ സ്ഥിരീകരിക്കപ്പെട്ട 21 പേരില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതില്‍ രണ്ടു പേരുടെ ഉറവിടം വ്യക്തമായിട്ടുമില്ല.
ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ചൂര്‍ണിക്കര സ്വദേശിയും ആലുവയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമാണ് ഇന്നലെ ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമാകാത്ത അഞ്ചു പേരാണ് ജില്ലയില്‍ ചികിത്സിയില്‍ കഴിയുന്നത്.
പലരുടെയും സമ്പര്‍ക്കത്തില്‍ നിരവധി പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ അഞ്ച് സ്ഥലങ്ങള്‍ കൂടി പുതുതായി കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു.
മുളവുകാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്-ടവര്‍ ലൈന്‍, കീഴ്മാട് നാലാം വാര്‍ഡ്-കുട്ടമശേരി, ആലങ്ങാട് ഏഴാം വാര്‍ഡ്-മാളികംപീടിക, ചൂര്‍ണിക്കര ഏഴാം വാര്‍ഡ്-കാറ്റേപാടം, ചെല്ലാനം 17ാം വാര്‍ഡ്-ഫിഷര്‍മെന്‍ കോളനി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇതോടെ കൊച്ചി കോര്പറേന് അടക്കം 24 തദേശ സ്ഥാപനങ്ങളുടെ 34 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയിലായി. കോര്‍പറേഷനിലെ പത്തു ഡിവിഷനുകളും ചെല്ലാനത്തെ മൂന്നു വാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടും.
ആലുവയിലും ചെല്ലാനത്തും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ആലുവയില്‍ കോവിഡ് സ്ഥിരീകരിച്ചവുരമായി സമ്പര്‍ക്കത്തില്‍ വന്ന 50 പേര്‍ക്ക് ഇന്നു ആരോഗ്യവകുപ്പ് പിസിആര്‍ ടെസ്റ്റ് നടത്തും. മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിശോധന നടത്തുന്നത്.
ജില്ലയില്‍ ഇന്നലെ 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈമാസം നാലിന് ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള ആലുവ സ്വദേശി, അതേ വിമാനത്തിലെത്തിയ 31 വയസുള്ള ചൂര്‍ണിക്കര സ്വദേശി, അന്നുതന്നെ സൗദി-കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആരക്കുഴ സ്വദേശി,
ജൂണ്‍ 28 ന്മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 39 വയസുള്ള നെടുമ്പാശേരി സ്വദേശി, 24 ന്ഷാര്ജ-കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള പിണ്ടിമന സ്വദേശി, 23 ന്മസ്കറ്റ്-കരിപ്പൂര്‍ വിമാനത്തിലെത്തിയ 25 വയസുള്ള കളമശേരി സ്വദേശി, ബംഗളൂരു-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ആന്ധ്രാ സ്വദേശി,
21ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 47 വയസുള്ള തേവര സ്വദേശി, 20ന് റിയാദ്-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള തുക്കാക്കര സ്വദേശി, 14ന് ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കീഴ്മാട് സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും എത്തി ക്വാറന്റൈനില്‍ കഴിയവേ കോവിഡ് സ്ഥിരീകരിച്ചത്.
കൂടാതെ മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര് വീതവും ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരും ജില്ലയില്‍ ചികിത്സയിലുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 350 ആയി. അതേസമയം 20 പേര്‍ക്ക് ഇന്നലെ രോഗമുക്തി ഉണ്ടായി.