കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി മുന്നോട്ട് പോകവേ എറണാകുളം ജില്ലയിൽ ഇന്നലെ 224 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി.
ഇവരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്നായിരുന്നു നടപടി. അതേസമയം, പുതുതായി 76 പേരെ കൂടി ഇന്നലെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 360 ആയി.
ഇതിൽ 13 പേർ മാത്രമാണു ഹൈറിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്. 347 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. ഇന്നലെ പുതുതായി നാലുപേരെ നിരീക്ഷണത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു.
ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13 ആയി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുപേരും ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഒരാൾ വീതവും സ്വകാര്യ ആശുപത്രികളിൽ ഒൻപതുപേരുമാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ ജില്ലയിൽനിന്നു 37 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 44 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവാണ്. ഇതിൽ 21 എണ്ണം സമൂഹ വ്യാപനം ഉണ്ടോ എന്നറിയാനായി ഫീൽഡിൽനിന്നും എടുത്ത സാന്പിളുകളിലൂടെ പരിശോധന ഫലമാണ്. ഇനി 40 സാന്പിൾ ഫലങ്ങൾ കൂടിയാണ് ജില്ലയിൽ ലഭിക്കാനുണ്ട്.
752 കോളുകളാണ് ഇന്നലെ ജില്ലാ കണ്ട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 447 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്നലെ 4,798 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി.
ഇന്നലെ ജില്ലയിൽ 94 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 76 എണ്ണം പഞ്ചായത്തുകളിലും, 18 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 5,041 പേർക്ക് ഭക്ഷണം നൽകി. ഇതിൽ 588 പേർ അതിഥി തൊഴിലാളികളായിരുന്നു.
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖാപിച്ച സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്നലെ 117 സ്ഥാപനങ്ങൾ പരിശോധിച്ചു.
ജീവനക്കാർ മാസ്ക്ക് ധരിക്കാത്തതിന് സ്ഥാപനങ്ങൾക്കെതിരേയും, സാമൂഹിക അകലം പാലിക്കാത്തതിനും, ഇടപാടുകാർക്ക് സാനിറ്റൈസർ നൽകാത്തതിനും 11 സ്ഥാപനങ്ങൾക്കെതിരേയും നടപടിക്ക് ശുപാർശ ചെയ്യുകയും, ബോധവത്ക്കരണം നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.