കൊല്ലം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു.ഇന്നലെ ജില്ലയിൽ ആറു പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ ചാത്തന്നൂരുമായി ബന്ധപ്പെട്ടവരാണ്.
ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർക്കാണ് കോവിഡ് ബാധയേറെയെന്നതും ആശങ്ക പരത്തുന്നു. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ജില്ല റെഡ് സ്പോട്ട് ആക്കിയേക്കുമെന്ന സൂചനയുമുണ്ട്.
ജില്ലയിൽ നിലവിൽ 15 കോവിഡ് ബാധിതരുണ്ട്. രോഗം സ്ഥിരീകരിച്ചആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വരുടെ സമ്പർക്ക പട്ടികയിലുള്ള ആളുകളുടെ സ്രവ പരിശോധനാ ഫലം വരുന്നതോടെ കൂടുതൽ പോസിറ്റീവ് കേസുകളും പ്രതീക്ഷിക്കുന്നുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയാറാക്കിയിട്ടുണ്ട്.കുളത്തൂപ്പുഴയും ചാത്തന്നൂരും പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളാണ്. ജില്ലയിൽ പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത കല്ലുവാതുക്കലിലും ഓച്ചിറയിലും കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1551 സാമ്പിളുകളിൽ 53 പേരുടെ ഫലം കൂടി വരാനുണ്ട്. അഞ്ചുപേരാണ് ജില്ലയിൽ കോവിഡ് രോഗത്തിൽ നിന്ന് മുക്തരായത്. 19,046 പേരാണ് വീട്ടിലെ നിരീക്ഷണം പൂർത്തിയാക്കിയത്.