കോട്ടയം: കോവിഡ് സ്ഥീരികരിച്ച അമ്മയും മകനും നാട്ടിലെത്തിയശേഷം കൃത്യമായ അകലം പാലിച്ചു. ആരുമായി സന്പർക്കം പുലർത്തിയിട്ടുമില്ല.അതിനാൽ ഉഴവൂർ പഞ്ചായത്തിലെ ഇവർ താമസിച്ചിരുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണ്‍ ആക്കില്ലെന്നു ആരോഗ്യവകുപ്പും പോലീസും.
കുവൈറ്റിൽ നിന്ന് നെടുന്പാശേരിയിൽ എത്തിയശേഷം ഇവർ ഡ്യൂവൽ ചേംബർ ടാക്സിയിലാണ് വീട്ടിലേക്ക് എത്തിയത്. തുടർന്ന് ഇവർ വീട്ടിൽ തന്നെ ക്വറന്റയിനിൽ കഴിയുകയായിരുന്നു. ഇവരുടെ സന്പർക്ക പട്ടികയിൽ ആരുമില്ലാത്തതോടെയാണ് ഉഴവൂർ കണ്ടെയ്ൻമെന്റ് സോണ്‍ ആക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചത്.
അതേസമയം ജില്ലയിൽ അമ്മയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു. ഈ വിമാനത്തിൽ എത്തിയ ജില്ലയിൽനിന്നുള്ള 21 പേർക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇവരിൽ 10 പേർ വീടുകളിലും ഒന്‍പതു പേർ ജില്ലാ ഭരണകൂടം സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തിലും ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം സ്ഥിരീകരിച്ച യുവതിയുൾപ്പെടെ ആറു പേർ ഗർഭിണികളാണ്. യുവതിയെയും കുട്ടിയെയും നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് ഉഴവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്ന ടാക്സി ഡ്രൈവറെ എറണാകുളത്ത് ക്വാറന്റയിനിൽ പാർപ്പിച്ചിട്ടുണ്ട്.
യുവതിയുടെ ഭർതൃമാതാവും നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ കർശന ജാഗ്രത പുലർത്തുക മാത്രമാണ് രോഗപ്രതിരോധത്തിനുള്ള മാർഗം.
ആരോഗ്യവകുപ്പിന്റെ ക്വാറന്റയിൻ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഹോം ക്വാറന്റയിനിലുള്ളവർ കുടുംബാംഗങ്ങളുമായുള്ള സന്പർക്കം പൂർണമായും ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു.