തിരുവനന്തപുരം: കെഎസ്ആർടിസി ഹ്രസ്വദൂര സർവീസുകൾ പുനരാരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവീസ് നടത്തുന്നത്. ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കു. ടിക്കറ്റ് പുതിയ നിരക്കിലാണ് ഈടാക്കുന്നത്.
ജില്ലാടിസ്ഥാനത്തിൽ സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂൾ സർവീസുകളാണ് ആരംഭിക്കുക. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം.
യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാൻ പാടുള്ളു. ഓർഡിനറിയായി മാത്രമേ ബസുകൾ സർവീസ് നടത്തുകയുള്ളു.
ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സർവീസുകളുടെ എണ്ണം എന്നിവ ക്രമത്തിൽ: തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശൂർ-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂർ-100, കാസർഗോഡ്-68.