കൊല്ലം: ജില്ലയിലെ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളായ ചാത്തന്നൂർ, കുളത്തുപ്പുഴ, ഓച്ചിറ മേഖലകളിൽ കർശന നിയന്ത്രണം തുടരുകയാണ്.വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാത്തന്നൂരിൽ ട്രിപ്പിൾ ലോക് ഡൗൺ തന്നെ തുടരുകയാണ്.
നാലു പേർക്ക് ഈ മേഖലയിൽ രോഗം കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം കൂടുതൽ കർശനമാക്കിയത്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സ്രവപരിശോധന ഫലം ഇനിയും വരാനുണ്ട്.
ഓച്ചിറയിൽ നിലവിൽ കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തതിനാൽ ഓച്ചിറയിലെ ഹോട്ട് സ്പോട്ട് പ്രഖ്യാപനം ഒഴിവാക്കി നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓച്ചിറ പഞ്ചായത്ത് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരിക്കുകയാണ്.
അതേ സമയം ജില്ലയിൽ 20 രോഗികൾ ഉണ്ടായിരുന്നതിൽ 17 പേർ രോഗമുക്തരായി. ഇനി മൂന്നു പേർ മാത്രമാണ് ചികിത്സയിലുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ എത്താൻ തുടങ്ങിയതോടെ കൂടുതൽ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഏഴായിരത്തോളം മലയാളികൾ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.