തിരുവനന്തപുരം: കോവിഡ് മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.ക. ഷൈലജ. സർക്കാർ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു.
രോഗികൾ ക്രമാതീതമായി കൂടിയാൽ നിലവിലെ ശ്രദ്ധ നൽകാനാവില്ല. കോവിഡ് മരണം ഒഴിവാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും അവർ പറഞ്ഞു.
പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ രണ്ടും കൽപിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സർക്കാർ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ വാക്സിനായുള്ള പരീക്ഷണം തുടങ്ങി. ഐസിഎംആറുമായി ചേർന്നാണ് പ്രവർത്തനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 576 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 80 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 48,825 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 538 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലുമാണ്.
കേരളത്തിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 576 കേസുകളിൽ 311 പേർ വിദേശത്തു നിന്നു വന്നവരാണ്. എട്ടു പേർ വിദേശികളായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ 70 പേർ. സന്പർക്കത്തിലൂടെ രോഗം പിടിപെട്ടത് 187 പേർക്കാണ്.