തൃശൂര്‍: വ്യാജ ചികിത്സ നടത്തി അറസ്റ്റിലായ മോഹനന് വൈദ്യരെ കോവിഡ് ലക്ഷണങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റി. കോവിഡ് സംശയങ്ങളുള്ള തടവുകാരെ ആലുവയിലാണ് പാര്‍പ്പിക്കുന്നത്.
വിയ്യൂര്‍ ജയിലില്‍ കഴിയുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് വൈദ്യര്‍ക്ക് കോവിഡ് സംശയമുള്ളതായും നിരീക്ഷണത്തിലാണെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.
ഇതോടെ കോടതി വൈദ്യരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ തള്ളുകയും വൈദ്യരെ വിയ്യൂര്‍ ജയിലിലേക്ക് തന്നെ തിരിച്ചയക്കുകയുമായിരുന്നു.
എന്നാല്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ആളെ വിയ്യൂര്‍ ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കാന്‍ പാടില്ലെന്ന് കാണിച്ച് ഡിഎംഒ വിയ്യൂര്‍ ജയില്‍ അധികൃതര്‍ക്ക് കത്തുനല്‍കിയതിനെ തുടര്‍ന്നാണ് വൈദ്യരെ ആലുവയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം രാത്രി ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലാണ് ഇയാളെ വിയ്യൂരില്‍ നിന്നും ആലുവയിലേക്ക് മാറ്റിയത്.