ചാത്തന്നൂർ: കോവിഡ് ഭീതിയാണെന്ന് സംശയിക്കുന്ന തരത്തിൽ ബിരുദധാരികളായ നഴ്സുമാരും സർക്കാർ ആശുപത്രികളിലെ ജോലിയോട് വിമുഖത കാട്ടുന്നു. ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ബുധനാഴ്ചയിലെ അനുഭവം അതാണ്.
കോവിഡ് ചികിത്സയ്ക്കായി ഇവിടെ വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണ്. 750 കിടക്കകൾ ഒരുക്കി കൊണ്ടിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കായി ട്രൂ നാറ്റ് ലാബ് സജ്ജീകരിച്ച് പ്രവർത്തനം തുടങ്ങി. ആർടിപിസിആർ ടെസ്റ്റ് നടത്താനും മറ്റും വൈറോളജി ലാബ് ഒരുക്കി കൊണ്ടിരിക്കയാണ്.
ഇന്നലെ 168 കോവിഡ് രോഗികളാണ് ഈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മെഡിക്കൽ ജീവനക്കാരുടെ കുറവും നിലവിലുള്ള ജീവനക്കാരുടെ അമിതഭാരവും കോവിഡ് ചികിത്സാ കേന്ദ്രത്തെ കാര്യമായി ബാധിക്കാനിടയുണ്ട്.
ഇത് പരിഹരിക്കുന്നതിനായി ജനറൽ നഴ്സു (ജിഎൻഎം) മാരെ താത്ക്കാലികമായി നിയമിക്കാൻ നടപടി ഉണ്ടായി. ഇരുന്നൂറോളം ബിരുദധാരികളായ നഴ്സുമാരാണ് അപേക്ഷ നല്കിയത്.
ബുധനാഴ്ച നടത്തിയ അഭിമുഖത്തിന് പങ്കെടുത്തത് ഇരുപത് പേർ മാത്രമാണെന്ന് സുപ്രണ്ട് ഡോ.ഹബീബ് നസീം പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ നഴ്സുമാർ ഉൾപ്പെടെയുള്ളവരെ നിയമിച്ചേ മതിയാകൂ എന്ന അവസ്ഥയാണ്.