പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്നുമാസം. മാര്‍ച്ച് ഏഴിനു രാത്രിയിലാണ് ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇന്നലെ വരെ ജില്ലയില്‍ 103 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
ഇവരില്‍ ആറു പേരില്‍ മാത്രമാണ് ഇതേവരെ സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയത്. അതും ആദ്യമായി രോഗം സ്ഥിരീകരിച്ചവരില്‍ നിന്നു മാത്രം. മറ്റുള്ളവരെല്ലാം വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങിയെത്തിയവരാണ്.
ഇറ്റലിയില്‍ നിന്നെത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും അവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്കും ആദ്യം രോഗം കണ്ടെത്തിയതിനുശേഷം ജാഗ്രതാനടപടികള്‍ ആരംഭിച്ചിട്ടും ഇന്ന് മൂന്നുമാസം പിന്നിടുകയാണ്.
ആ ഘട്ടത്തില്‍ 17 പേരില്‍ രോഗം സ്ഥിരീകരിച്ചു. പ്രവാസികളുടെ മടങ്ങിവരവോടെ ആരംഭിച്ച മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടു തുടങ്ങിയത് മേയ് 12നാണ്. ഇന്നലെവരെ ഈ ഘട്ടത്തില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായെത്തിയ 86 പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
ഇവരില്‍ എട്ടുപേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്. ഒരു മരണമുണ്ടായതും ഈ ഘട്ടത്തിലാണ്. നിലവില്‍ 77 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 72 പേര് ജില്ലയിലും, അഞ്ചു പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ചികിത്സയിലുള്ളവരില്‍ 30 പേര് റാന്നി മേനാംതോട്ടം ഒന്നാംനിര കോവിഡ് ചികിത്സാ കേന്ദ്രത്തിലും മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമാണ്. ജില്ലക്കാരായ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ഓരോരുത്തര് വീതം തിരുവനന്തപുരം, മഞ്ചേരി, എറണാകുളം മെഡിക്കല്‍ കോളജിലുമാണ്.