പത്തനംതിട്ട: കോവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
ജില്ലയില്‍ നഴ്സിന് കോവിഡ് ബാധിച്ചതും മറ്റുജില്ലകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗപ്പകര്ച്ചയുണ്ടായതും ഗൗരവതരമായി കാണേണ്ടതാണ്. പോലീസ് സ്റ്റേഷനുകളോ ഓഫീസുകളോ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍വന്നതോടെ ആളുകള്‍ കൂട്ടമായി നിബന്ധനകള്‍ ലംഘിച്ചു ബസ് സ്റ്റോപ്പ്, ചന്തകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കാതെയും മാനദണ്ഡങ്ങള്‍ അനുസരിക്കാതെയും ആളുകള്‍ തിരക്കുകൂട്ടുന്നതും ഒത്തുകൂടുന്നതും കര്‍ശനമായി തടയും.
ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.