തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ വാഹനപരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോണ്ടാക്ട് ട്രേസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ സംവിധാനം പ്രവർത്തനം തുടങ്ങി.
കണ്ടെയ്ൻമെന്റ് മേഖലകളിൽ പോലീസിന്റെ മോട്ടോർ സൈക്കിൾ ബ്രിഗേഡിന്റെ സേവനം ശക്തിപ്പെടുത്തി. ജനങ്ങൾ കൂട്ടം കൂടുന്ന ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, കല്യാണവീടുകൾ, മരണവീടുകൾ, മാർക്കറ്റ്, തുറമുഖം എന്നിവിടങ്ങളിൽ പോലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങൾ സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്ൈറൻ ലംഘിച്ച നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.