തിരുവനന്തപുരം: കേരളം കടന്നുപോകുന്നത് അതീവ ഗുരുതരാവസ്ഥയിലൂടെ. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് കണ്ടെത്തി.
മാർച്ച് മാസത്തിൽ സംസ്ഥാനത്തെ കോവിഡ് രോഗികളിൽ 40 ശതമാനത്തിലും അതിതീവ്ര വൈറസ് കണ്ടെത്തി.ദക്ഷിണാഫ്രിക്ക, യുകെ, ഇന്ത്യൻ വകഭേദങ്ങളെല്ലാം കേരളത്തിൽ ആഞ്ഞടിച്ചു.
ഫെബ്രുവരിയിൽ കേവലം 3.8 ശതമാനം രോഗികളിൽ മാത്രമാണ് വകഭേദം വന്ന വൈറസ് കണ്ടെത്തിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാസമായ മാർച്ചിൽ പിടിവിട്ട അതിവേഗ വ്യാപനമാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ കേരളത്തിൽ ഉണ്ടായിരുന്നത് ലണ്ടൻ വകഭേദം മാത്രമായിരുന്നെങ്കിൽ മാർച്ചിൽ ഇന്ത്യൻ, ആഫ്രിക്കൻ വകഭേദങ്ങൾ കൂടി കണ്ടെത്തി. ഏപ്രിൽ മാസത്തെ പഠന റിപ്പോർട്ടുകൾ കൂടി പുറത്തുവരുന്നതോടെ വ്യാപനത്തിന്റെ തീവ്രത വ്യക്തമാകും.
വകഭേദം വന്ന വൈറസുകളിൽ വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ ഇരട്ട ജനിതമാറ്റം സംഭവിച്ച ഇന്ത്യൻ വകഭേദ വൈറസ് മധ്യകേരളത്തിലാണ് ആഞ്ഞടിച്ചത്. ഇതിൽ കോട്ടയം ജില്ലയിലാണ് ഇന്ത്യൻ വകഭേദ വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്.
കോട്ടയത്ത് 19.05 ശതമാനം രോഗികളിലാണ് ഇന്ത്യൻ വകഭേദ വൈറസിന്റെ സാന്നിധ്യം.ഇന്ത്യൻ വകഭേദ വൈറസാണ് ഡൽഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി സങ്കീർണമാക്കിയത്.
ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതൽ കണ്ടെത്തിയത് കണ്ണൂർ (75 ശതമാനം) ജില്ലയിലാണ്. ദക്ഷിണാഫ്രിക്കൻ വൈറസ് വകഭേദം കൂടുതൽ പാലക്കാട് ജില്ലയിലും. ഇവിടെ 21.3 ശതമാനം കോവിഡ് രോഗികളിൽ വകഭേദംവന്ന വൈറസ് കണ്ടെത്തി.